ഗാസ സിറ്റി : ഗാസയെ വിഭജിക്കുന്നതിനായി ഇസ്രയേൽ-അന്താരാഷ്ട്ര സൈനിക നിയന്ത്രണത്തിലുള്ള ‘ഗ്രീൻ സോൺ’ സ്ഥാപിക്കാൻ ഒരുങ്ങി യുഎസ്. പദ്ധതി പ്രകാരം, പലസ്തീനികൾ ഗാസയുടെ പകുതിയിൽ താഴെ മാത്രം വിസ്തൃതിയുള്ള ‘റെഡ് സോണി’ലേക്ക് ഒതുങ്ങേണ്ടി വരും. ഗ്രീൻ സോണിനും റെഡ് സോണിനും ഇടയിലുള്ള ‘യെല്ലോ സോണി’ൽ ഇസ്രയേൽ സൈന്യവും അന്താരാഷ്ട്ര സേനയും നിലയുറപ്പിക്കും. മുൻപ് വാഗ്ദാനം ചെയ്തിരുന്ന സ്വതന്ത്ര പലസ്തീൻ ടെക്നോക്രാറ്റ് ഭരണകൂടം, അന്താരാഷ്ട്ര പിന്തുണയോടെയുള്ള പുനർനിർമ്മാണം എന്നീ വാഗ്ദാനങ്ങളിൽ നിന്ന് യുഎസ് തന്ത്രപരമായി പിന്നോട്ട് പോകുകയാണെന്നും, പകരം ഇസ്രയേലിന്റെ അധിനിവേശം വ്യാപിപ്പിക്കാൻ ഒത്താശ നൽകുന്നതാണ് ഈ നീക്കമെന്നും വിമർശനമുയരുന്നു.

വെടിനിർത്തൽ മധ്യസ്ഥരായ ഖത്തറിനും ഈജിപ്തിനും പദ്ധതിയോട് വിയോജിപ്പുണ്ടെന്നാണ് വിവരം. ബോംബ് നിർവീര്യമാക്കൽ, ചികിത്സ, അവശിഷ്ടങ്ങൾ നീക്കൽ തുടങ്ങിയ ദൗത്യങ്ങൾക്കായി ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സൈനികർ ഗാസയിലെത്തും. ആദ്യം പരിമിത സൈനികരെയും പിന്നീട് 20,000 പേരെയും വിന്യസിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരം, പലസ്തീനികൾക്ക് യുദ്ധത്തിന് മുമ്പുണ്ടായിരുന്ന വിസ്തൃതിയുടെ പകുതിയിൽ താഴെ മാത്രമാണ് ലഭിക്കുക. കൂടാതെ, പുനർനിർമ്മാണത്തിനുള്ള വസ്തുക്കളുടെ സ്വതന്ത്രമായ ഒഴുക്ക് ഉറപ്പാക്കുന്നില്ലെന്നും റിപ്പോർട്ടുണ്ട്.
