വാഷിങ്ടൺ : ഉന്നത വിദ്യഭ്യാസത്തിനായി യുഎസിലേക്ക് എത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് വിദേശ വിദ്യാർത്ഥി വീസയ്ക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഈ വർഷം പുതുതായി യുഎസിലെത്തിയ രാജ്യാന്തര വിദ്യാർത്ഥികളുടെ സംഖ്യയിൽ വലിയ ഇടിവാണ് ഉണ്ടായതെന്ന് ഇന്‍റർനാഷണൽ എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്തു. ഈ സെമസ്റ്ററിൽ കോളേജുകളിൽ പുതിയ പ്രവേശനം നേടുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം 17% കുറഞ്ഞതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2024-25 അധ്യയനവർഷത്തിൽ ഏഴ് ശതമാനം ഇടിവായിരുന്നു രേഖപ്പെടുത്തിയത്.

ഇന്ത്യയില്‍ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിലും വന്‍ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളില്‍ 9.5% കുറവാണ് രേഖപ്പെടുത്തിയത്. സര്‍വേ നടത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏകദേശം 57 ശതമാനത്തിലും പുതിയ രാജ്യാന്തര വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു. 14% വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്‍വര്‍ഷത്തെപ്പോലെ തന്നെയാണ് പ്രവേശന നിരക്ക്. 2023-24 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎസിലെ ചൈനീസ് വിദ്യാര്‍ത്ഥികളുടെ എണ്ണം ഈ വർഷം നാലു ശതമാനം കുറവുണ്ടായി.
