ഓട്ടവ : പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ന്യൂനപക്ഷ ലിബറൽ സർക്കാർ മൂന്നാമത്തെ നിർണ്ണായക വിശ്വാസ വോട്ടെടുപ്പിൽ കഷ്ടിച്ച് രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി നടന്ന വോട്ടെടുപ്പിൽ 2025 ഫെഡറൽ ബജറ്റ് 170 നെതിരെ 168 വോട്ടുകൾക്ക് പാസ്സായി. ഇതോടെ സർക്കാരിന് നിലനിൽപ്പ് ഉറപ്പിക്കാനും ക്രിസ്മസിന് മുമ്പ് പൊതു തിരഞ്ഞെടുപ്പ് ഒഴിവാക്കാനും സാധിച്ചു. ഫെഡറൽ ബജറ്റ് പാസ്സായതോടെ ധനമന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ന് ബജറ്റ് നിർവ്വഹണ ബിൽ അവതരിപ്പിക്കാം. ഗ്രീൻ പാർട്ടി നേതാവ് എലിസബത്ത് മേയുടെ പിന്തുണയാണ് സർക്കാരിന് നിർണ്ണായകമായത്. ഇതിനകം ബ്ലോക്ക് കെബെക്ക്വ അവതരിപ്പിച്ച ഭേദഗതിയിലും പിന്നീട് കൺസർവേറ്റീവുകളുടെ ഉപ ഭേദഗതിയിലും രണ്ട് വിശ്വാസ വോട്ടുകളെ ലിബറൽ സർക്കാർ അതിജീവിച്ചിരുന്നു.

അതേസമയം എൻഡിപി എംപിമാരായ ലോറി ഇഡ്‌ലൗട്ട്, ഗോർഡ് ജോൺസ് എന്നിവരും ഹൗസ് സ്പീക്കർ ഫ്രാൻസിസ് സ്കാർപലെഗ്ഗിയയും വോട്ട് ചെയ്യാതെ വിട്ടുനിന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം മെഡിക്കൽ അവധിയിലായ കൺസർവേറ്റീവ് എംപി ഷാനൻ സ്റ്റബ്‌സും വോട്ട് ചെയ്തില്ല. കൺസർവേറ്റീവ് പാർട്ടിയിൽ നിന്നും രാജിവെച്ച എംപി മാറ്റ് ജെനെറോക്സും മുൻ രണ്ട് വോട്ടെടുപ്പിൽ പോലെ തന്നെ വോട്ട് ചെയ്യാതെ വിട്ടുനിന്നു. എന്നാൽ, ഇഡ്‌ലൗട്ടിനെയും ജോൺസിനെയും കൂടാതെ, ഏഴ് അംഗങ്ങളുള്ള എൻഡിപി കോക്കസിലെ ബാക്കിയുള്ള എംപിമാർ ബജറ്റിനെതിരെ വോട്ട് ചെയ്തു.
