ടൊറൻ്റോ : രാജ്യാന്തര വിദ്യാർത്ഥികൾക്ക് ഫെഡറൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണത്തെ തുടർന്ന് കോഴ്സുകൾ വെട്ടിക്കുറയ്ക്കുമെന്ന് ജോർജ്ജ് ബ്രൗൺ കോളേജ് അറിയിച്ചു. ക്യൂലിനറി ആൻഡ് ഹോസ്പിറ്റാലിറ്റി പ്രോഗ്രാമുകളാണ് നിർത്തലാക്കുന്നതെന്ന് ടൊറൻ്റോ ആസ്ഥാനമായുള്ള കോളേജ് റിപ്പോർട്ട് ചെയ്തു. നിലവിലെ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ കഴിയുമെങ്കിലും, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പുതിയ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകില്ലെന്ന് ജോർജ്ജ് ബ്രൗൺ കോളേജ് അധികൃതർ പറയുന്നു.

രാജ്യാന്തര വിദ്യാർത്ഥികളെ ബാധിക്കുന്ന മാറ്റവുമായി ഏകപക്ഷീയമായി മുന്നോട്ട് പോകാനുള്ള ഫെഡറൽ ഗവൺമെൻ്റിന്റെ തീരുമാനം ജോർജ്ജ് ബ്രൗൺ കോളേജ് ഉൾപ്പെടെയുള്ള പോസ്റ്റ് സെക്കണ്ടറി മേഖലയെ പ്രതികൂലമായി ബാധിക്കും. പുതിയ ഇമിഗ്രേഷൻ പ്ലാനിൽ കാനഡ സർക്കാർ ആകെ നൽകുന്ന സ്റ്റഡി പെർമിറ്റുകളുടെ എണ്ണം കുറച്ചിരുന്നു. ഈ വർഷം അനുവദിക്കുന്ന ആകെ പെർമിറ്റുകളുടെ എണ്ണം 437,000 ആയി പരിമിതപ്പെടുത്തി.
