ടൊറന്റോ : ഒന്റാരിയോയിൽ മുനിസിപ്പൽ സ്പീഡ് കാമറകൾ നിരോധിച്ച് ഒരാഴ്ച പിന്നിടുമ്പോൾ, റോഡ് സുരക്ഷ ഉറപ്പാക്കാൻ പുതിയ മാർഗ്ഗങ്ങൾ തേടി പ്രവിശ്യയിലുടനീളമുള്ള മുനിസിപ്പാലിറ്റികൾ. വാട്ടർലൂ റീജിയൻ ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിലും കാമറകൾ നീക്കം ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. തങ്ങളുടെ 12 മൊബൈൽ സ്പീഡ് കാമറകളും നവംബർ 14-ന് പ്രവർത്തനരഹിതമാക്കുകയും 18-ന് നീക്കം ചെയ്യുകയും ചെയ്തതായി ഗ്വൽഫ് സിറ്റി ട്രാഫിക് എഞ്ചിനീയറിങ് മാനേജർ സ്റ്റീവ് ആൻഡേഴ്സൺ സ്ഥിരീകരിച്ചു.

സ്പീഡ് കാമറകൾ നിർത്തലാക്കിയ പശ്ചാത്തലത്തിൽ, റോഡ് സുരക്ഷാ നടപടികൾക്കായി പ്രവിശ്യാ സർക്കാർ പ്രഖ്യാപിച്ച 21 കോടി ഡോളർ ഫണ്ടിൽ നിന്ന് ഗ്വൽഫ് സിറ്റിക്ക് 6,76,904 ഡോളർ അടിയന്തര ധനസഹായം ലഭിക്കും. സ്കൂൾ സോണുകളിലും കമ്മ്യൂണിറ്റി സേഫ്റ്റി സോണുകളിലും ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്കാണ് ഈ തുക ഉപയോഗിക്കുക. അധിക സൈനുകൾ, ക്രോസ് വാക്ക്, സ്പീഡ് ബമ്പുകൾ തുടങ്ങിയ മാർഗ്ഗങ്ങൾ നടപ്പിലാക്കാനാണ് സാധ്യത. അതേസമയം, വെല്ലിങ്ടൺ കൗണ്ടിക്ക് 2.1 ലക്ഷം ഡോളർ ലഭിക്കുമെന്നും, അവർ ഡാറ്റാ ശേഖരണത്തിനായി തങ്ങളുടെ 14 കാമറകൾ നിലനിർത്തുമെന്നും അറിയിച്ചു.
