എഡ്മിന്‍റൻ : അധ്യാപകർക്ക് പിന്നാലെ ആൽബർട്ടയിലെ ആരോഗ്യപ്രവർത്തകരും സമരത്തിലേക്ക്. പ്രവിശ്യാ സർക്കാരുമായി കരാറിലെത്തിയില്ലെങ്കിൽ ശനിയാഴ്ച രാവിലെ മുതൽ ആൽബർട്ടയിലുടനീളമുള്ള ആയിരക്കണക്കിന് ഹെൽത്ത് കെയർ ജീവനക്കാർ പണിമുടക്കും. അതേസമയം പണിമുടക്ക് ഒഴിവാക്കാൻ ആൽബർട്ട ഹെൽത്ത് സർവീസസുമായി (AHS) കരാറിലെത്താൻ ശ്രമം തുടരുകയാണെന്ന് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ആൽബർട്ട പ്രൊവിൻഷ്യൽ എംപ്ലോയീസ് യൂണിയൻ (AUPE) അറിയിച്ചു. ശനിയാഴ്ച രാവിലെ എട്ടര വരെ ചർച്ച തുടരും. ഇതിനുള്ളിൽ കരാറിലെത്തിയില്ലെങ്കിൽ പണിമുടക്കിന് തുടക്കമാകും. പതിനാറായിരത്തിലധികം ലൈസൻസുള്ള പ്രാക്ടിക്കൽ നഴ്‌സുമാരെയും ആരോഗ്യ സംരക്ഷണ സഹായികളെയും പ്രതിനിധീകരിക്കുന്ന AUPE, ഈ ആഴ്ച ആദ്യം പണിമുടക്ക് നോട്ടീസ് നൽകിയിരുന്നു. അതേസമയം പണിമുടക്കിനെ നേരിടാൻ AHS അടിയന്തര പദ്ധതികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി നേറ്റ് ഹോർണർ പറഞ്ഞു. വരും ദിവസങ്ങളിൽ പണിമുടക്ക് ഏതൊക്കെ അവശ്യേതര സേവനങ്ങളെ ബാധിക്കുമെന്ന് കൂടുതൽ വിശദാംശങ്ങൾ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

വേതന വർധനയ്ക്ക് ഒപ്പം ജീവനക്കാരുടെ ക്ഷാമവും സുരക്ഷിതമല്ലാത്ത ജോലി സാഹചര്യങ്ങളും തർക്കത്തിന്‍റെ കേന്ദ്രബിന്ദുവാണെന്ന് AUPE പ്രസിഡൻ്റ് സാന്ദ്ര അസോക്കർ പറയുന്നു. അതേസമയം ആൽബർട്ടയിലെ അധ്യാപകരിൽ നിന്ന് വ്യത്യസ്തമായി, AUPE അംഗങ്ങൾ അവശ്യ സേവന കരാറിന് വിധേയരാണ്. ആശുപത്രികളിൽ ജീവനക്കാരില്ലാതെ പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ ഹെൽത്ത് കെയർ ജീവനക്കാർ റൊട്ടേഷൻ അനുസരിച്ചു ആയിരിക്കും പണിമുടക്കുക. 20 മുതൽ 30 ശതമാനം വരെ ജീവനക്കാർ മാത്രമായിരിക്കും ഒരു സമയം സമരത്തിനിറങ്ങുകയെന്ന് സാന്ദ്ര അസോക്കർ അറിയിച്ചു.
