ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ വച്ച് നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തി പ്രധാനമന്ത്രി മാർക്ക് കാർണി. യുഎസിൻ്റെ അസാന്നിധ്യത്തിലും സംയുക്ത പ്രഖ്യാപനം ഉണ്ടാകുമെന്ന് ദക്ഷിണാഫ്രിക്കൻ അധികൃതർ സ്ഥിരീകരിച്ചു. ഫ്രാൻസ്, ജർമ്മനി, യുകെ, യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ നേതാക്കളുമായി ഇന്ന് കാർണി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. ഒരു ധാരണയിലെത്താൻ ഉച്ചകോടിക്ക് കഴിഞ്ഞേക്കില്ലെന്ന് വിശകലന വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു.
വികസനത്തിന് ധനസഹായം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സമഗ്ര സാമ്പത്തിക വളർച്ച, കാലാവസ്ഥാ മാറ്റം, ഭക്ഷ്യ സംവിധാനങ്ങൾ, ശുദ്ധമായ ഊർജ്ജം എന്നിവയെക്കുറിച്ചുള്ള ചർച്ചകളിൽ കാർണി പ്രധാന പങ്കുവഹിക്കുന്നുണ്ട്. യുഎസ് പ്രതിനിധികളില്ലെങ്കിലും കാലാവസ്ഥാ വ്യതിയാനം, സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി രാജ്യങ്ങൾ സംയുക്ത പ്രസ്താവന അംഗീകരിക്കാൻ ധാരണയായെന്ന് ദക്ഷിണാഫ്രിക്കൻ സർക്കാർ വക്താവ് വിൻസെന്റ് മഗ്വേന്യ അറിയിച്ചു.

കൂടാതെ യൂറോപ്യൻ യൂണിയനും പസഫിക് റിം രാജ്യങ്ങളുടെ വ്യാപാര കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന വിയറ്റ്നാമുമായി നടക്കുന്ന ചർച്ചാ പരിപാടിയിൽ കാർണി പങ്കെടുക്കും. കാനഡയടക്കമുള്ള പസഫിക് റിം രാജ്യങ്ങളുടെ വ്യാപാര കൂട്ടായ്മയ്ക്ക് വിയറ്റ്നാം നേതൃത്വം നൽകിയിരുന്നു. നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യാപാര തത്ത്വങ്ങൾ പിന്തുടരുന്ന ഈ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ കാർണിയുടെ പങ്കാളിത്തം നിർണായകമാണ്.
