വൻകൂവർ : 2021-ലെ വെള്ളപ്പൊക്കത്തിൽ തകർന്ന അബോട്ട്സ്ഫോർഡിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തിയായതായി മേയർ റോസ് സീമെൻസ്. നൂക്‌സാക്ക് നദി കരകവിഞ്ഞൊഴുകി നഗരത്തിന്റെ കാർഷിക മേഖലയായ സുമസ് പ്രെയറിയിൽ വെള്ളം കയറിയതിനെ തുടർന്ന് മുന്നൂറോളം പദ്ധതികളാണ് സിറ്റി ഏറ്റെടുത്തത്. ലാൻഡ്‌സ്‌ലൈഡ് സൈറ്റുകളിലെ അറ്റകുറ്റപ്പണികൾ, നദീതീരം ശക്തിപ്പെടുത്തൽ, പ്രധാന പമ്പ് സ്റ്റേഷനിലെ പുതിയ സംരക്ഷണ ഭിത്തിയുടെ ആദ്യഘട്ടം എന്നിവ ഉൾപ്പെടെ ഭൂരിഭാഗം ജോലികളും പൂർത്തിയായതായി മേയർ പറഞ്ഞു. പെർമിറ്റ് ലഭിക്കുന്നതിലെ കാലതാമസം, ഉയർന്ന ചെലവ് എന്നിവ കാരണമാണ് ജോലികൾ നീണ്ടത്.

വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടപ്പെട്ട പലരും ഇപ്പോൾ ഉയർന്ന അടിത്തറയിൽ പുതിയ വീടുകൾ നിർമ്മിച്ചാണ് സുരക്ഷ ഉറപ്പാക്കുന്നത്. എന്നാൽ, അടുത്ത വലിയ വെള്ളപ്പൊക്കത്തെ നേരിടാൻ സിറ്റി ഇനിയും പൂർണ്ണമായി സജ്ജമല്ലെന്നും, ഹൈവേ 1 പോലുള്ള പ്രധാന പാതകൾ വീണ്ടും അടച്ചിടുന്നത് ദേശീയ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നും മേയർ മുന്നറിയിപ്പ് നൽകി. അതിനിടെ, നൂക്‌സാക്ക് നദിയിലെ വെള്ളപ്പൊക്ക സാധ്യത കുറയ്ക്കുന്നതിനായി സംരക്ഷണ ഭിത്തികൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള ആസൂത്രണങ്ങൾക്കായി യുഎസ്സിലെ വാഷിങ്ടൺ സ്റ്റേറ്റ് പണം വകയിരുത്തിയിട്ടുണ്ട്.
