വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മംദാനിക്ക് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാകും. മംദാനിയും താനും ന്യൂയോര്‍ക്ക് നഗരം മികച്ചതായി മാറണമെന്ന് ആഗ്രഹിക്കുന്നുവെന്നും പല കാര്യങ്ങളിലും തങ്ങള്‍ യോജിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. മംദാനിയുടെ വിജയത്തെയും ട്രംപ് പ്രശംസിച്ചു. ഓവല്‍ ഓഫീസില്‍ വെച്ചുള്ള ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
സൊഹ്റാന്‍ മംദാനിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ശക്തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് മംദാനി തിരഞ്ഞെടുക്കപ്പെട്ടതെന്നും ട്രംപ് പ്രശംസിച്ചു. മംദാനി മികച്ച മേയറാണെന്നും ട്രംപ് പ്രശംസിച്ചു. തന്റെ വോട്ടര്‍മാര്‍ പോലും മംദാനിയെ പിന്തുണച്ചെന്നും അതില്‍ തനിക്ക് പ്രശ്നമില്ലെന്നും ട്രംപ് പറഞ്ഞു. ന്യൂയോര്‍ക്കിലെ ജീവിതചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ട്രംപുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മംദാനി വ്യക്തമാക്കി.

മംദാനിയെ മേയറായി തെരഞ്ഞെടുത്താല്‍ ന്യൂയോര്‍ക്കിലേക്കുള്ള ഫെഡറല്‍ ഫണ്ട് വെട്ടിക്കുറക്കുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് സമയത്ത് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ മംദാനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇതില്‍ നിന്നും പിന്നോട്ട് പോകുന്നതായി ട്രംപ് പറഞ്ഞു. താന്‍ മംദാനിയെ സഹായിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വേദനിപ്പിക്കാനല്ലെന്നും ട്രംപ് പറഞ്ഞു. മംദാനിക്ക് മികച്ച കാര്യങ്ങള്‍ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിനെ നേരത്തെ ഫാസിസ്റ്റ് എന്ന് വിളിച്ച മംദാനിയുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്ന ചോദ്യവും മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ചോദ്യത്തിന് മംദാനി മറുപടി പറയാനിരിക്കെ ഇടയില്‍ കയറി അത് അങ്ങനെ തന്നെയാണെന്ന് പറയാമെന്ന് ട്രംപ് പറഞ്ഞു. തുടര്‍ന്ന് അതെ എന്നായിരുന്നു മംദാനിയുടെ ഉത്തരം. പരസ്പരം ഏറെ വിമര്‍ശിച്ചിരുന്ന നേതാക്കളായിരുന്നു മംദാനിയും ട്രംപും. മംദാനി ന്യൂയോര്‍ക്കിന്റ മേയറായി തെരഞ്ഞെടുത്തതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ നടന്നത്.
