ഓട്ടവ: സിന്തറ്റിക് മയക്കുമരുന്ന് വ്യാപനം, കുടിയേറ്റ കള്ളക്കടത്ത്, സൈബർ ഭീഷണികൾ എന്നിവ ഉൾപ്പെടെയുള്ള ആഗോള സുരക്ഷാ വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനായി G7 (ഗ്രൂപ്പ് ഓഫ് സെവൻ) രാജ്യങ്ങളിലെ ആഭ്യന്തര, സുരക്ഷാ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി. കാനഡ പൊതുസുരക്ഷാ മന്ത്രി ഗാരി അനന്തസംഗരിയാണ് രണ്ട് ദിവസങ്ങളിലായി നടന്ന സുപ്രധാന യോഗത്തിന് ആതിഥേയത്വം വഹിച്ചത്. രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളെക്കുറിച്ചായിരുന്നു പ്രധാനമായും യോഗം ചർച്ച ചെയ്‌തത്. സിന്തറ്റിക് മയക്കുമരുന്ന്, ഫെന്റനൈൽ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകളുടെ വ്യാപനം തടയാനുള്ള സഹകരണ തന്ത്രങ്ങൾ, കുടിയേറ്റ കള്ളക്കടത്തും അതിർത്തി കടന്നുള്ള മനുഷ്യക്കടത്തും നിയന്ത്രിക്കാനുള്ള നടപടികൾ എന്നിവയും ചർച്ചാവിഷയമായി. വിദേശരാജ്യങ്ങളിലെ വ്യക്തികളെ ലക്ഷ്യമിട്ടുള്ള അടിച്ചമർത്തൽ തന്ത്രങ്ങളെ ചെറുക്കുന്നതിനുള്ള കൂട്ടായ പ്രതിരോധം എങ്ങനെ വേണമെന്നതിലും സൈബർ കുറ്റകൃത്യങ്ങൾ, തീവ്രവാദ ഉള്ളടക്കങ്ങളുടെ ഓൺലൈൻ പ്രചാരണം, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനായി ഇന്റർനെറ്റ് ദുരുപയോഗം ചെയ്യുന്നത് എന്നിവ നേരിടാനുള്ള തന്ത്രങ്ങളും വിശദമായി ചർച്ച ചെയ്‌തു.

ലോകമെങ്ങും സുരക്ഷാ വെല്ലുവിളികൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും, ഒരു രാജ്യത്തിനും ഇവയെ ഒറ്റയ്ക്ക് നേരിടാൻ കഴിയില്ലെന്നും യൂറോപ്യൻ ആഭ്യന്തര കാര്യ, കുടിയേറ്റ കമ്മീഷണർ മാഗ്നസ് ബ്രണ്ണർ അഭിപ്രായപ്പെട്ടു. യൂറോപ്യൻ യൂണിയൻ ചരിത്രത്തിലെ ഏറ്റവും നിർണായക കുടിയേറ്റ, കുടിയേറ്റ നയ പരിഷ്കരണത്തിന് ഒരുങ്ങുന്ന ഈ ഘട്ടത്തിൽ, G7 ഉൾപ്പെടെയുള്ള വിശ്വസ്ത പങ്കാളികളുമായുള്ള സഹകരണം യൂറോപ്പ് ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്‌ച മാധ്യമങ്ങളെ കാണുന്ന മന്ത്രി ഗാരി അനന്തസംഗരി ഉച്ചകോടിയിൽ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കും.
