യുക്രെയ്ന്റെ ദേശീയ താല്‍പ്പര്യങ്ങളിലോ പരമാധികാരത്തിലോ വിട്ടുവീഴ്ച ചെയ്യില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊദിമിര്‍ സെലന്‍സ്‌കി. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള വ്യവസ്ഥകളുമായി ബന്ധപ്പെട്ട് സഖ്യകക്ഷിയായ അമേരിക്കയില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം നേരിടുന്നതിനിടെയാണ് സെലന്‍സ്‌കി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നിലപാട് വ്യക്തമാക്കിയത്.
ട്രംപ് ഭരണകൂടം തയ്യാറാക്കിയ നിര്‍ദ്ദിഷ്ട കരാര്‍ അംഗീകരിക്കാന്‍ യുക്രെയ്നു മേല്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സെലന്‍സ്‌കി നിലപാട് വ്യക്തമാക്കിയത്. റഷ്യക്ക് ഗുണകരമായ നിരവധി വ്യവസ്ഥകളുള്ള ഈ കരാറില്‍ ഭേദഗതികള്‍ ആവശ്യപ്പെടുമെന്നും ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വ്യക്തമാക്കി.

ട്രംപ് ഭരണകൂടം തയാറാക്കിയ കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ആയുധസഹായവും ഇന്റലിജന്‍സ് കൈമാറ്റവും നിര്‍ത്തുമെന്നാണ് യുക്രെയ്നോട് ഭീഷണി മുഴക്കിയിരിക്കുന്നത്. നവംബര്‍ 27നകം കരാറില്‍ ഒപ്പിടണമെന്നാണ് യുക്രെയ്നു നല്‍കിയിട്ടുള്ള അന്ത്യശാസനം.
യുദ്ധത്തില്‍ പിടിച്ചെടുത്ത യുക്രെയ്ന്റെ അഞ്ചുമേഖലകള്‍ റഷ്യയ്ക്ക് വിട്ടുകൊടുക്കണമെന്ന് പ്രധാന വ്യവസ്ഥ. സൈനികരുടെ എണ്ണം കുറയ്ക്കണമെന്നും 100 ദിവസത്തിനകം യുക്രെയ്നില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും ട്രംപിന്റെ 28 ഇന കരാറിന്റെ കരടിലുണ്ട്.
