കറാച്ചി: തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി സ്ഥാപകനും പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങള്‍ ജയില്‍ അധികൃതര്‍ പൂര്‍ണമായും തള്ളി. ഇമ്രാന്‍ ഖാന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് അഡിയാല ജയില്‍ അധികൃതര്‍.
ജയില്‍ മാറ്റം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇമ്രാനെ അഡിയാല ജയിലില്‍ നിന്ന് മാറ്റിയതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. അദ്ദേഹം ഇപ്പോഴും അഡിയാലയില്‍ തുടരുകയാണ്. ആവശ്യമായ ചികിത്സ ജയിലില്‍ നല്‍കുന്നുണ്ട്.

ഇമ്രാന്‍ ഖാന്‍ ജയിലില്‍ മരിച്ചതായി പാക്കിസ്ഥാനിലെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണം നടന്നിരുന്നു. പിന്നാലെ അദ്ദേഹത്തെ കാണാന്‍ അനുമതി തേടി സഹോദരിമാരും തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകരും ജയിലിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയില്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. 2023 ആഗസ്റ്റിലാണ് അഴിമതി അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഇമ്രാന്‍ ഖാനെ ജയിലിലടച്ചത്.
