എഡ്മിന്‍റൻ : പ്രവിശ്യയുടെ പുതിയ നാല് വർഷത്തെ കരാർ അംഗീകരിച്ച് ആൽബർട്ട ഹെൽത്ത് കെയർ ജീവനക്കാർ. 2024 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന കരാർ 2028 മാർച്ച് 31-ന് അവസാനിക്കും. കരാർ പ്രകാരം ലൈസൻസ്‌ഡ് പ്രാക്ടിക്കൽ നഴ്‌സുമാർക്ക് 23.81% വേതന വർധന ലഭിക്കും. ഹെൽത്ത് കെയർ എയ്‌ഡഡ് ജീവനക്കാർക്ക് 17.05% വേതന വർധനയാണ് ലഭിക്കുക.

ആൽബർട്ട ഹെൽത്ത് സർവീസസ് (AHS), അല്ലെൻ ഗ്രേ കണ്ടിന്യൂയിങ് കെയർ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഏകദേശം 16,000 ആൽബർട്ട യൂണിയൻ ഓഫ് പ്രൊവിൻഷ്യൽ എംപ്ലോയീസ് (AUPE) അംഗങ്ങളിൽ 71% പേർ വോട്ടെടുപ്പിൽ പങ്കെടുത്തു. AHS-ൽ ജോലി ചെയ്യുന്നവരിൽ 63.3 ശതമാനം കരാറിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ അല്ലെൻ ഗ്രേ കണ്ടിന്യൂയിങ് കെയറിൽ ജോലി ചെയ്യുന്നവരിൽ 95% അംഗങ്ങളും കരാറിനെ അനുകൂലിച്ചു. അതേസമയം ലാമോണ്ട് ഹെൽത്ത് കെയർ സെന്‍ററിൽ ജോലി ചെയ്യുന്ന നഴ്സിങ് കെയർ ജീവനക്കാർ കരാറിനെതിരെ വോട്ട് ചെയ്തു. അവർ വീണ്ടും കരാർ ചർച്ചയിലേക്ക് മടങ്ങും.

പണിമുടക്ക് ആരംഭിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കവേയാണ് ഇരുപക്ഷവും പുതിയ കരാറിലെത്തിയത്. ട്രഷറി ബോർഡ് പ്രസിഡന്റും ധനകാര്യ മന്ത്രിയുമായ നേറ്റ് ഹോണർ കരാറിനെ സ്വാഗതം ചെയ്തു. പുതിയ കരാർ ഏകദേശം 16,000 LPN-കൾക്കും HCA-കൾക്കും ശമ്പളവും ആനുകൂല്യങ്ങളും മെച്ചപ്പെടുത്തുകയും നമ്മുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന് ദീർഘകാല സ്ഥിരത കൊണ്ടുവരാൻ സഹായിക്കുകയും ചെയ്യും, അദ്ദേഹം പറഞ്ഞു.
