ടൊറൻ്റോ : കഴിഞ്ഞ 12 മാസത്തിനിടെ പ്രവിശ്യാ ഉപഭോക്തൃ വില സൂചിക 2.2% വർധിച്ച സാഹചര്യത്തിൽ 2026-ൽ ഒൻ്റാരിയോയിൽ മറ്റൊരു മിനിമം വേതന വർധന ഉണ്ടാകുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. പ്രവിശ്യാ തൊഴിൽ നിയമങ്ങൾ പ്രകാരം വാർഷിക സൂചികയിലൂടെ ഒൻ്റാരിയോയുടെ മിനിമം വേതന വർധന പണപ്പെരുപ്പവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ സിപിഐ കണക്ക് നിർണായകമാണ്. സാധാരണയായി എല്ലാ വർഷവും ഏപ്രിൽ ഒന്നിനാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

2026 ഒക്ടോബർ 1-ന് പൊതു മിനിമം വേതനം 17.60 ഡോളറിൽ നിന്നും 18 ഡോളറായി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ വിദ്യാർത്ഥികളുടെ കുറഞ്ഞ മണിക്കൂർ വേതനം 16.60 ഡോളറിൽ നിന്നും 16.97 ഡോളറായും വർധിക്കും. ഒപ്പം വീട്ടുജോലിക്കാരുടെ മിനിമം വേതനം 19.35 ഡോളറിൽ നിന്നും 19.80 ഡോളറായും ഉയരുമെന്നാണ് പ്രതീക്ഷ.

ഉപഭോക്തൃ വില സൂചികയിലെ 12 മാസത്തെ ശരാശരി മാറ്റത്തെ അടിസ്ഥാനമാക്കി, എല്ലാ ഒക്ടോബറിലും ഒൻ്റാരിയോ ഏറ്റവും കുറഞ്ഞ മണിക്കൂർ വേതനം ക്രമീകരിക്കുന്നു. മാർച്ച് അല്ലെങ്കിൽ ഏപ്രിലിലാണ് സർക്കാർ സാധാരണയായി പുതിയ മിനിമം വേതന നിരക്കുകൾ പ്രഖ്യാപിക്കുന്നത്. തുടർന്ന് വ്യാപാരസ്ഥാപനങ്ങൾക്ക് അടക്കം മിനിമം വേതന വർധന നടപ്പിലാക്കുന്നതിനായി തയ്യാറെടുക്കാൻ എല്ലാ വർഷവും ഒക്ടോബറിൽ വേതന വർധന പ്രാബല്യത്തിൽ വരും.
