ഒടുവിൽ സാമന്ത സമ്മതിച്ചു, താൻ പ്രണയത്തിലാണെന്ന്. ഹൃദയം തുളുമ്പുന്ന വിവാഹ ചിത്രങ്ങൾക്കൊപ്പമാണ് സംവിധായകൻ രാജ് നിദിമോരുവുമായുള്ള വിവാഹം സാമന്ത സ്ഥിരീകരിച്ചത്. കോയമ്പത്തൂരിലുള്ള ഇഷ ഫൗണ്ടേഷന്റെ ലിംഗ ഭൈരവി ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. രാജിന്റെ കൈപിടിച്ച് നടക്കുന്ന സമാന്തയെ ചിത്രങ്ങളിൽ കാണാം.
മുപ്പതോളം അതിഥികള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. സമാന്തയും രാജ് നിദിമോരുവും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും ‘ദ് ഫാമിലി മാൻ 2’ എന്ന സീരീസിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ വർഷം അമേരിക്കയിൽ ഇരുവരുമൊന്നിച്ച് അവധിയാഘോഷിക്കുന്ന ചിത്രങ്ങളും വൈറൽ ആയിരുന്നു. സമാന്ത ആരംഭിച്ച പെർഫ്യൂം ബ്രാൻഡിന്റെ ലോഞ്ച് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും ഇവർ പ്രണയത്തിലാണെന്ന വാർത്തകൾക്ക് ആക്കം കൂട്ടിയിരുന്നു.

രാജ് നിദിമോരുവിനെ ചേർത്തുപിടിച്ചുള്ള ചിത്രവും അതിനൊപ്പം സമാന്ത ചേർത്ത കുറിപ്പും പിന്നീട് ചർച്ചയായി. ഈ വർഷം ജീവിതത്തിൽ നടത്തിയ ധീരമായ ചുവടുവെപ്പുകളെക്കുറിച്ചു അഭിമാനം പങ്കു വെയ്ക്കുന്നതായിരുന്നു സാമന്തയുടെ പോസ്റ്റ്. പങ്കുവച്ച മറ്റൊരു ചിത്രത്തിൽ ഒന്നും ഒളിക്കാനില്ല എന്ന ഹാഷ്ടാഗും നടി ചേർത്തിരുന്നു.
‘‘ചുറ്റും സുഹൃത്തുക്കളും കുടുംബാംഗങ്ങളും. കഴിഞ്ഞ ഒന്നര വർഷമായി, എന്റെ കരിയറിലെ ഏറ്റവും ധീരമായ ചില ചുവടുകളാണ് ഞാൻ എടുത്തത്. വെല്ലുവിളികൾ ഏറ്റെടുക്കുന്നു, ഉൾപ്രേരണയെ വിശ്വസിക്കുന്നു, മുന്നോട്ട് പോകുമ്പോൾ പഠിക്കുകയും ചെയ്യുന്നു. ഇന്ന്, ഞാൻ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയാണ്.
ഞാൻ കണ്ടുമുട്ടിയതിൽ വച്ച് ഏറ്റവും മിടുക്കരും കഠിനാധ്വാനികളും ആത്മാർഥതയുള്ളവരുമായ ചില ആളുകളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ ഒരുപാട് നന്ദിയുള്ളവളാണ്. വലിയ വിശ്വാസത്തോടെ, ഇതൊരു തുടക്കം മാത്രമാണെന്ന് എനിക്കറിയാം.’’ സമാന്തയുടെ കുറിപ്പ് ഇങ്ങനെ. കുറിപ്പിനൊപ്പം സമാന്ത പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ഒന്ന് രാജ് നിദിമോരുവിനൊപ്പം നിൽക്കുന്നതായിരുന്നു.

2021ൽ ആണ് സമാന്തയും നടൻ നാഗചൈതന്യയും തമ്മിൽ വേർപിരിഞ്ഞത്. കഴിഞ്ഞ വർഷം നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചു.
