ഹാലിഫാക്സ് : അടുത്ത വർഷം രണ്ടു തവണ പ്രവിശ്യയിലെ മിനിമം വേതനം വർധിപ്പിക്കുമെന്ന് നോവസ്കോഷ സർക്കാർ അറിയിച്ചു. ഇതോടെ നോവസ്കോഷയിലെ മിനിമം വേതനം 2026 ഒക്ടോബറിൽ മണിക്കൂറിന് 17 ഡോളറാകും. ഈ വർഷം മണിക്കൂറിന് 1.30 ഡോളർ വർധിച്ച് നിലവിലെ നിരക്ക് മണിക്കൂറിന് 16.50 ഡോളർ ആയി. അവസാന വർധന ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. 2026 ഏപ്രിൽ ഒന്നിന് മിനിമം വേതനം 25 സെൻ്റ് വർധിച്ച് 16.75 ഡോളർ ആകും. തുടർന്ന് 2026 ഒക്ടോബർ ഒന്നിന് വീണ്ടും നിരക്ക് വർധിക്കും. ഒക്ടോബറിൽ 25 സെൻ്റ് കൂടി വർധിക്കുന്നതോടെ പ്രവിശ്യയിലെ മിനിമം വേതനം 17 ഡോളറിലെത്തും.

പ്രവിശ്യയിലെ തൊഴിലുടമയുടെയും ജീവനക്കാരുടെയും പ്രതിനിധികൾ അടങ്ങുന്ന മിനിമം വേതന അവലോകന കമ്മിറ്റിയുടെ ഏകകണ്ഠമായ ശുപാർശയെ തുടർന്നാണ് മിനിമം വേതനം വർധന നടപ്പിലാക്കുന്നത്. നോവസ്കോഷയിലെ മിനിമം വേതനക്കാർ സാധാരണയായി റീട്ടെയിൽ, അക്കമഡേഷൻ, ഫുഡ് ഇൻഡസ്ട്രി എന്നിവയിൽ ജോലി ചെയ്യുന്നു. മിനിമം വേതന ജീവനക്കാരിൽ 57% സ്ത്രീകളാണ്. കൂടാതെ 39% പേർ പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസമുള്ളവരാണ്. 38% പേർ 30 വയസ്സിനു മുകളിലുള്ളവരാണെന്നും പ്രവിശ്യാ സർക്കാർ അറിയിച്ചു.
