ഓട്ടവ : കാനഡയിൽ കാപ്പി വില കുതിച്ചുയരുന്നതായി റിപ്പോർട്ട്. 2020 മുതൽ കാനഡയിലെ കാപ്പി വില ഇരട്ടിയായാണ് ഉയർന്നത്. നിലവിലെ അവസ്ഥയിൽ ഈ വില കുറയാൻ സാധ്യതയില്ലെന്നും വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. താരിഫുകളും മോശം കാലാവസ്ഥയുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ലാ നിന പ്രതിഭാസത്തെ തുടർന്നുള്ള ചൂടും വരൾച്ചയും ആഗോള കാപ്പി ഉത്പാദനത്തെ ബാധിച്ചതും വില കൂട്ടി. ലോകത്തിലെ രണ്ട് പ്രധാന കാപ്പി ഉൽപാദകരായ ബ്രസീലിലും വിയറ്റ്‌നാമിലും സമീപ വർഷങ്ങളിൽ വിളവെടുപ്പിനെ ബാധിച്ച കാലാവസ്ഥാ ദുരന്തങ്ങൾ കാപ്പി വില ഉയരുന്നതിന് കാരണമായി.

കാപ്പി വിലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 73.5% വർധനയാണ് ഉണ്ടായിട്ടുള്ളത്. ശരാശരി വാർഷിക അടിസ്ഥാനത്തിൽ 1979 മുതൽ 2024 വരെ കാപ്പിയുടെ വില 81.3% വർധിച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഓഗസ്റ്റിൽ കാനഡക്കാർ സ്റ്റോറിൽ നിന്ന് വാങ്ങിയ കാപ്പിക്ക് കഴിഞ്ഞ വർഷത്തേക്കാൾ 28% കൂടുതൽ പണം നൽകേണ്ടി വന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. 2020 നും 2025 നും ഇടയിൽ 340 ഗ്രാം കാപ്പിയുടെ പ്രതിമാസ ശരാശരി ചില്ലറ വിൽപ്പന വില 5.36 ഡോളറിൽ നിന്നും 9.30 ഡോളറായി ഉയർന്നു.

കാപ്പിയ്ക്ക് ആവശ്യക്കാർ വർധിച്ചതോടെ വിൽപ്പനക്കാരും വില കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്ന് ടൊറൻ്റോ മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റിയിലെ ഗ്ലോബൽ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ വിക് സിങ് പറഞ്ഞു. വിപണിയെ നിയന്ത്രിക്കുന്ന കുറച്ച് റീട്ടെയിലർമാരുണ്ട്, ഇതും വില വർധനയ്ക്ക് പ്രധാന കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
