ഹാലിഫാക്സ് : നോവസ്കോഷ സെൻ്റ് മാർഗരറ്റ്സ് ബേയുടെ തീരത്തെ പെഗ്ഗിസ് കോവ് റോഡിൽ കനത്ത വൈദ്യുതി തടസ്സം. വെള്ളിയാഴ്ച രാവിലെ രണ്ടായിരത്തി അഞ്ഞൂറിലധികം ഉപയോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടതായി നോവസ്കോഷ പവർ അറിയിച്ചു. തകരാറിന്‍റെ കാരണം വ്യക്തമല്ല. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അപ്പർ ടാന്‍റലണിൽ നിന്ന് ഈസ്റ്റ് ഡോവറിലേക്കുള്ള ഭാഗത്താണ് വൈദ്യുതി തടസ്സം കൂടുതൽ ബാധിച്ചിരിക്കുന്നത്. ശൈത്യകാല കൊടുംങ്കാറ്റിന് മുന്നോടിയായി വൈദ്യുതി തടസ്സത്തെ നേരിടാൻ, പ്രവിശ്യയിലെ ഏറ്റവും വലിയ വൈദ്യുതി യൂട്ടിലിറ്റിയായ നോവസ്കോഷ പവർ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. അതേസമയം നോവസ്കോഷയുടെ വടക്കുകിഴക്കൻ മേഖലയിലും കെയ്പ് ബ്രെറ്റണിലും മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും ഫെഡറൽ ഏജൻസി അറിയിച്ചിരുന്നു.

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഈ ആഴ്ച ആദ്യം നോവസ്കോഷയിലുടനീളം ഏകദേശം 30,000 വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടിരുന്നു. മഞ്ഞുവീണ് മരക്കൊമ്പുകൾ ഒടിഞ്ഞു വീണു വൈദ്യുതി ലൈനുകളും യൂട്ടിലിറ്റി തൂണുകളും തകർന്നതോടെയാണ് വൈദ്യുതി തടസ്സപ്പെട്ടതെന്ന് യൂട്ടിലിറ്റി പറയുന്നു.
