Tuesday, December 9, 2025

ഹോളിവുഡ് ഭീമൻമാർ ഒന്നിക്കുന്നു; വാർണർ ബ്രോസ് ഡിസ്കവറിയെ ഏറ്റെടുത്ത്‌ നെറ്റ്ഫ്ലിക്സ്

ന്യൂയോർക്ക്: വിനോദവ്യവസായത്തിലെ ചരിത്രപരമായ നീക്കത്തിലൂടെ സ്ട്രീമിങ് ഭീമനായ നെറ്റ്ഫ്ലിക്സ്, ഹോളിവുഡിലെ ഐതിഹാസിക സ്ഥാപനമായ വാർണർ ബ്രോസ് ഡിസ്കവറിയുടെ സ്റ്റുഡിയോ, സ്ട്രീമിങ് ബിസിനസ്സുകൾ ഏറ്റെടുത്തു. 8270 കോടി ഡോളറിനാണ് ഏറ്റെടുക്കൽ കരാർ ഉറപ്പിച്ചത്. വാർണർ ബ്രോസ് ഡിസ്കവറിയുടെ ഓരോ ഓഹരിക്കും 27.75 ഡോളർ എന്ന നിലയിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ വാർണർ ബ്രോസിന്റെ സിനിമ, ടെലിവിഷൻ ഡിവിഷനുകൾ, HBO Max, DC സ്റ്റുഡിയോസ് എന്നിവ നെറ്റ്ഫ്ലിക്സിന്റെ ഭാഗമാകും. 2026-ന്റെ മൂന്നാം പാദത്തിൽ വാർണർ, അതിന്റെ ഡിസ്കവറി ഗ്ലോബൽ നെറ്റ്‌വർക്ക് ബിസിനസ്സ് ഒരു പുതിയ കമ്പനിയായി വേർതിരിച്ച ശേഷമാകും ഈ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാവുക. ഈ ഏറ്റെടുക്കലിലൂടെ നെറ്റ്ഫ്ലിക്സിന് സിനിമ-സ്ട്രീമിങ് രംഗത്ത് കൂടുതൽ ആധിപത്യം സ്ഥാപിക്കാൻ സാധിക്കും. Casablanca, Citizen Kane, Harry Potter, Friends തുടങ്ങിയ ക്ലാസിക് ടൈറ്റിലുകൾ ഉൾപ്പെടുന്ന വാർണർ ബ്രോസിന്റെ വലിയ ഉള്ളടക്ക ശേഖരം നെറ്റ്ഫ്ലിക്സിന് സ്വന്തമാകും.

അതേ പോലെ DC സൂപ്പർഹീറോ ഫ്രാഞ്ചൈസി, DC കോമിക്‌സ് ഫ്രാഞ്ചൈസിയുടെ ഉടമസ്ഥതയും ഇനി നെറ്റ്ഫ്ലിക്സിനായിരിക്കും. ഏറ്റെടുക്കലിന് ശേഷവും വാർണർ ബ്രോസിന്റെ സിനിമകൾ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് തുടരുമെന്ന് നെറ്റ്ഫ്ലിക്സ് ഉറപ്പുനൽകിയിട്ടുണ്ട്. ലോകത്തെ സന്തോഷിപ്പിക്കുക എന്നതാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും വാർണർ ബ്രോസിന്റെ മികച്ച ലൈബ്രറിയെ തങ്ങളുടെ Stranger Things, Squid Game തുടങ്ങിയ ജനപ്രിയ ടൈറ്റിലുകളുമായി സംയോജിപ്പിക്കുമ്പോൾ, അടുത്ത നൂറ്റാണ്ടിലെ കഥപറച്ചിലിന് പുതിയ നിർവചനം നൽകാൻ തങ്ങൾക്ക്‌ സാധിക്കുമെന്നും നെറ്റ്ഫ്ലിക്സ് സഹ-സി.ഇ.ഒ ആയ ടെഡ് സരൻഡോസ് പറഞ്ഞു. വാർത്ത പുറത്തു വന്നതിന്‌ പിന്നാലെ
വാർണർ ബ്രോസ് (WBD) ഓഹരി പ്രീമാർക്കറ്റ് ട്രേഡിംഗിൽ ഏകദേശം 3 ശതമാനം ഉയർന്നു. അതേ സമയം നെറ്റ്ഫ്ലിക്സ് ഓഹരി രണ്ടു ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. പാരമൗണ്ട് ഓഹരിയും 2 ശതമാനത്തിലധികം ഇടിഞ്ഞു. നെറ്റ്ഫ്ലിക്സ്, കോംകാസ്റ്റ്, സ്കൈ ഡാൻസ് പിന്തുണയുള്ള പാരമൗണ്ട് എന്നിവർ ഒരു മാസത്തിലധികമായി വാർണർ ബ്രോസ് ഡിസ്കവറിക്കായി കടുത്ത മത്സരത്തിലായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!