ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്രയേലിലെ പ്രമുഖ ആയുധ നിർമാണ കമ്പനി 40,000 യന്ത്രത്തോക്കുകൾ ഇന്ത്യക്ക് കൈമാറും. ഇസ്രയേൽ വെപ്പൺ ഇൻഡസ്ട്രീസ് (ഐ.ഡബ്ല്യു.ഐ) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലൈറ്റ് മെഷീൻ ഗണ്ണുകളുടെ (LMGs) ആദ്യ ബാച്ച് വിതരണം 2026 തുടക്കത്തിൽ ആരംഭിക്കും. കഴിഞ്ഞ വർഷം ഒപ്പുവെച്ച 40,000 ലൈറ്റ് മെഷീൻ ഗണ്ണുകൾക്കായുള്ള കരാറിന്റെ എല്ലാ പരീക്ഷണങ്ങളും സർക്കാർ പരിശോധനകളും പൂർത്തിയാക്കിയെന്ന് ഐ.ഡബ്ല്യു.ഐ സി.ഇ.ഒ ഷൂകി ഷ്വാർട്സ് വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഏതാണ്ട് ഒന്നേ മുക്കാൽ ലക്ഷം തോക്കുകൾ കൈമാറുന്നതുസംബന്ധിച്ച കരാർ അന്തിമ ഘട്ടത്തിലാണെന്നും ഷൂകി ഷ്വാർട്സ് പറഞ്ഞൂ. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള പല കമ്പനികളുമായും തങ്ങൾ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

അഞ്ച് വർഷത്തേക്കുള്ള ആയുധ കരാറാണ് അണിയറയിൽ പുരോഗമിക്കുന്നതെന്നാണ് വിവരം. ഇന്ത്യ വാങ്ങുന്ന ആയുധങ്ങളിൽ 40 ശതമാനമാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുക. ഇത് ഏകദേശം 1,70,000 വരും. 40,000 ലൈറ്റ് മെഷീൻ ഗണ്ണുകൾ വിതരണം ചെയ്യുന്നതിനുള്ള കരാർ കഴിഞ്ഞ വർഷമാണ് ഒപ്പുവെച്ചത്. എല്ലാ പരീക്ഷണങ്ങളും സർക്കാർ പരിശോധനകളും പൂർത്തിയായതായും, ഉൽപ്പാദനത്തിനുള്ള ലൈസൻസ് ലഭിച്ചതായും IWI സിഇഒ ഷൂകി ഷെവർട്സ് പറഞ്ഞു. IWI-യുടെ പിസ്റ്റളുകൾ, റൈഫിളുകൾ, ലൈറ്റ് മെഷീൻ ഗണ്ണുകൾ എന്നിവ ഉൾപ്പെടുന്ന മുഴുവൻ ഉൽപ്പന്നങ്ങളും വിൽക്കുന്നതിനായി ഇന്ത്യൻ ആഭ്യന്തര മന്ത്രാലയവുമായും (MHA) അതിനു കീഴിലുള്ള വിവിധ ഏജൻസികളു മായും കമ്പനി സഹകരിക്കുന്നുണ്ടെന്നും IWI സിഇഒ അറിയിച്ചു.
