വാഷിങ്ടണ്‍ ഡിസി : നിലവിലുള്ള യാത്രാ വിലക്ക് മുപ്പതിലധികം രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായി യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഫോക്‌സ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സെക്രട്ടറി നോമിന്റെ വെളിപ്പെടുത്തല്‍. പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരിഗണിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജൂണില്‍ പ്രഖ്യാപിച്ച ആദ്യ യാത്രാവിലക്കില്‍ അഫ്ഗാനിസ്ഥാന്‍, സൊമാലിയ, ഇറാന്‍, ഹെയ്തി ഉള്‍പ്പെടെ 19 രാജ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ 12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎസിലേക്കുള്ള യാത്രാനുമതി പൂര്‍ണ്ണമായും നിഷേധിക്കുകയും ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. 19 യാത്രാവിലക്ക് രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കുള്ള ഇമിഗ്രേഷന്‍ സംബന്ധമായ ആനുകൂല്യങ്ങളുടെ പ്രോസസ്സിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
നവംബര്‍ 26-ന് വൈറ്റ് ഹൗസിന് സമീപം ഒരു നാഷണല്‍ ഗാര്‍ഡ് അംഗം കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത വെടിവയ്പ്പിനെ തുടര്‍ന്നാണ് ട്രംപ് ഭരണകൂടം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്. ആക്രമണത്തില്‍ വെസ്റ്റ് വിര്‍ജീനിയ നാഷണല്‍ ഗാര്‍ഡ് സ്‌പെഷ്യലിസ്റ്റ് സാറാ ബെക്‌സ്‌ട്രോം മരണപ്പെടുകയും സ്റ്റാഫ് സര്‍ജന്റ് ആന്‍ഡ്രൂ വുള്‍ഫിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ പരിശോധനകള്‍ സുരക്ഷ ഉറപ്പാക്കും എന്നാണ് ട്രംപ് ഭരണകൂടം ഈ നീക്കങ്ങളെ ന്യായീകരിക്കുന്നത്. എന്നാല്‍, നിലവില്‍ യുഎസിലെത്തിയ ആളുകള്‍ വിപുലമായ പരിശോധനകള്‍ക്ക് വിധേയരായവരാണെന്നും, പുതിയ നടപടികള്‍ കൂട്ട ശിക്ഷയ്ക്ക് തുല്യമാണ് എന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. യാത്രാ വിലക്ക് വിപുലീകരിക്കുന്നതോടെ ആയിരക്കണക്കിന് ആളുകളുടെ ഇമിഗ്രേഷന്‍ നടപടികളെ ഇത് ബാധിക്കും.
