കാബൂൾ: അഫ്ഗാൻ വനിതകളെ യുഎൻ ഓഫീസുകളിൽ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കിയ താലിബാൻ നടപടി പിൻവലിക്കണമെന്ന് ഐക്യരാഷ്ട്രസഭ (യുഎൻ). ഈ നിയന്ത്രണം അത്യാവശ്യമായ മാനുഷിക സഹായങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും യുഎൻ മുന്നറിയിപ്പ് നൽകി. 2021-ൽ താലിബാൻ അധികാരം പിടിച്ചെടുത്തതുമുതൽ ജോലി, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ മിക്ക പൊതുമേഖലകളിൽ നിന്നും വനിതകളെ വിലക്കിയിട്ടുണ്ട്.
വനിതാ ജീവനക്കാർ ഇല്ലാതെ സംഘടനയ്ക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് യുഎൻ വനിതാ ഏജൻസി പ്രതിനിധി സൂസൻ ഫെർഗൂസൺ പറഞ്ഞു. ഈ വിലക്ക് മനുഷ്യാവകാശ തത്വങ്ങളുടെ ലംഘനമാണ്. നിലവിൽ നൂറുകണക്കിന് വനിതാ ജീവനക്കാർക്കാണ് യുഎൻ പരിസരങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നത്.

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന വനിതാ ജീവനക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും വിദേശരാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുന്ന കുടിയേറ്റക്കാരെയും സഹായിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. വനിതാ ജീവനക്കാരുടെ സാന്നിധ്യത്തിലൂടെ മാത്രമേ അഫ്ഗാൻ സ്ത്രീകളിലേക്കും പെൺകുട്ടികളിലേക്കും സുരക്ഷിതമായി സഹായം എത്തിക്കാൻ സാധിക്കുകയുള്ളൂ എന്നും യുഎൻ വ്യക്തമാക്കി.
