ടോക്കിയോ: ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്തുണ്ടായ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ ആശങ്കയായി ‘മെഗാക്വേക്ക്’ മുന്നറിയിപ്പ്. തിങ്കളാഴ്ച രാത്രി തീരത്തുനിന്ന് 80 കിലോമീറ്റര്‍ അകലെ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ആദ്യം ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് 40-50 സെന്റീമീറ്റര്‍ ഉയരത്തില്‍ സുനാമി തിരമാലകള്‍ കരയിലേക്ക് ആഞ്ഞടിച്ചിരുന്നു.
വിനാശകരമായ 8-ന് മുകളില്‍ തീവ്രത രേഖപ്പെടുത്തുന്ന ‘മെഗാക്വേക്ക്’ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയായ (ജെഎംഎ) മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഉടന്‍ ഒരു മെഗാക്വേക്കിന് സാധ്യതയില്ലെങ്കിലും, ജപ്പാന്‍ മേഖലയില്‍ ഒരു ഭീമന്‍ മെഗാക്വേക്ക് ഉണ്ടാകാനുള്ള സാധ്യത മുന്‍പത്തേക്കാള്‍ കൂടുതലാണ്.

എന്താണ് മെഗാക്വേക്ക്?
ഭൂകമ്പമാപിനിയില്‍ 8-ന് മുകളില്‍ തീവ്രത രേഖപ്പെടുത്തുന്ന അതിശക്തമായ ഭൂചലനങ്ങളാണ് മെഗാക്വേക്ക് എന്ന് അറിയപ്പെടുന്നത്. വിരളമായി മാത്രം സംഭവിക്കാറുള്ള ഇത്തരം ഭൂചലനങ്ങള്‍ വലിയ സുനാമികള്‍ക്ക് കാരണമാകാറുണ്ട്. ജപ്പാനിലെ നാന്‍കായ് ട്രഞ്ച് മെഗാക്വേക്ക് സംഭവിക്കാന്‍ സാധ്യതയുള്ള ഒരു മേഖലയായി വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞ ദിവസം നടന്ന ഭൂകമ്പത്തിന് പിന്നാലെ 90,000-ത്തോളം പേരെ അധികൃതര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. സുനാമി മുന്നറിയിപ്പുകള്‍ പിന്‍വലിച്ചെങ്കിലും, വരും ദിവസങ്ങളില്‍ കൂടുതല്‍ ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 5.1 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ജപ്പാനില്‍ ഉണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1960-ലെ ചിലി ഭൂകമ്പം (9.5 തീവ്രത), 1964-ലെ അലാസ്‌ക ഭൂകമ്പം (9.2 തീവ്രത) എന്നിവ മെഗാക്വേക്കുകള്‍ക്ക് ഉദാഹരണങ്ങളാണ്.
