ഫ്രെഡറിക്ടൺ : ബാത്ത്‌സ്റ്റിലെ ക്ലിനിക്ക് മെഡിക്കൽ സെന്റർ-വിൽ (Clinique Médicale Centre-Ville) വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ച് ന്യൂബ്രൺസ്‌വിക്ക് പ്രീമിയർ സൂസൻ ഹോൾട്ട്. ഇതോടെ ഈ വർഷം 10 സഹകരണ ചികിത്സാ ടീമുകൾക്ക് പിന്തുണ നൽകാനുള്ള സർക്കാരിന്റെ വാഗ്ദാനം പൂർത്തിയായതായി അവർ അറിയിച്ചു. നിലവിൽ ഈ ക്ലിനിക്കിൽ ആറ് ഡോക്ടർമാർ, രണ്ട് നഴ്സുമാർ, നാല് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവരടങ്ങിയ സംഘം ഏകദേശം 5,800 രോഗികൾക്ക് സേവനം നൽകുന്നുണ്ട്. 10 പുതിയ ക്ലിനിക്കുകളിലൂടെ, പ്രവിശ്യയിലെ ഡോക്ടർമാരുടെ വെയിറ്റിങ് ലിസ്റ്റിലുള്ള 14,000 പേരെ നീക്കം ചെയ്യാനാകുമെന്നും പ്രവിശ്യ അവകാശപ്പെട്ടു.

15 ലക്ഷം ഡോളറിലധികം വരുന്ന പുതിയ ഫണ്ടിങ് ഉപയോഗിച്ച് ബാത്ത്‌സ്റ്റ് ക്ലിനിക്കിനെ ഫിസിയോതെറാപ്പിസ്റ്റുകളുമായും ഫാർമസികളുമായും കൂട്ടിയോജിപ്പിക്കുകയും 2026-ൽ പരിശീലന സൗകര്യങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്യും. കാർലെറ്റൺ നോർത്ത്, മിറാമിച്ചി, മോങ്ക്ടൺ, കാംപ്ബെൽട്ടൺ, ഫ്രെഡറിക്ടൺ തുടങ്ങി മറ്റ് ഒൻപത് സ്ഥലങ്ങളിലും സഹകരണ ചികിത്സാ ടീമുകൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിൽ പ്രൈമറി കെയർ പ്രൊവൈഡർക്കായി കാത്തിരിക്കുന്ന 8,800 പേർക്ക് 18 മാസത്തിനുള്ളിൽ സേവനം ലഭ്യമാക്കാനാകുമെന്നും പ്രീമിയർ വ്യക്തമാക്കി. 2028-ഓടെ മൊത്തം 30 ക്ലിനിക്കുകൾ തുറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
