ഓട്ടവ: കാനഡയിലുടനീളം ശരാശരി വാടക നിരക്കുകൾ കുറയുന്നതായി റിപ്പോർട്ട്. നവംബറിൽ തുടർച്ചയായ 14-ാം മാസവും വാടക നിരക്കുകൾ ശരാശരി 2,074 ഡോളറായി കുറഞ്ഞു. ബ്രിട്ടിഷ് കൊളംബിയയിലാണ് രാജ്യത്തെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.4 ശതമാനം കുറവ് രേഖപ്പെടുത്തി. Rentals.ca യുടെ കണക്കനുസരിച്ച്, രാജ്യവ്യാപകമായി, എല്ലാത്തരം പ്രോപ്പർട്ടികൾക്കും വാടക 3.1 ശതമാനം കുറഞ്ഞു.

ബി സിയിലെ മൊത്തം വാടക നിലവിൽ ശരാശരി 2,392 ഡോളർ ആണെന്നും, പ്രത്യേകിച്ച് വൻകൂവറിൽ വാടക നിരയ്ക്ക് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും Rentals.ca യുടെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം പല ലോവർ മെയിൻലാൻഡ് മുനിസിപ്പാലിറ്റികളിലെയും ശരാശരി നിരക്ക് ഇപ്പോഴും കാനഡയിലെ ശരാശരി വാടകയേക്കാൾ വളരെ കൂടുതലാണ്.കാനഡയിലെ ഏറ്റവും ചെലവേറിയ മാർക്കറ്റാണ് നോർത്ത് വൻകൂവർ. ഒരു കിടപ്പുമുറി അപ്പാർട്ട്മെന്റിന് ശരാശരി2,493 ഡോളറും രണ്ട് കിടപ്പുമുറി അപ്പാർട്ട്മെന്റിന് 3,326 ഡോളറുമാണ് നിരക്ക്.
അതേസമയം സീസണൽ മാന്ദ്യവും ഡിമാൻഡ് കുറയുന്നതും കാരണം വരും മാസങ്ങളിൽ വാടക കുറയുന്നത് തുടരുമെന്ന് ഓൺലൈൻ വാടക മാർക്കറ്റ് വക്താവ് ജിയാക്കോമോ ലാഡാസ് പറയുന്നു. ശൈത്യകാല മാസങ്ങളിൽ ഡിമാൻഡ് കുറയും, ഇത് സാധാരണയായി വില കുറയാൻ കാരണമാകുമെന്നും ലാഡാസ് വ്യക്തമാക്കി.
