ഹാലിഫാക്സ്: ഫെഡറൽ സർക്കാരുമായുള്ള കരാർ പ്രകാരം നടപ്പാക്കുന്ന ഒരു ദിവസം 10 ഡോളർ നിരക്കിലുള്ള ശിശുപരിപാലന പദ്ധതിയുടെ ലക്ഷ്യം കൈവരിക്കുന്നതിൽ നോവ സ്കോഷ പിന്നിലാണെന്ന് പുതിയ റിപ്പോർട്ട്. കനേഡിയൻ സെന്റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്‌സ് (CCPA) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ സൂചനകൾ.
കൂടുതൽ ഫണ്ടിനായി പ്രവിശ്യ ഫെഡറൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനിടയിലാണ് റിപ്പോർട്ട് പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്. 2021-ലാണ് പദ്ധതി നിലവിൽ വന്നതെങ്കിലും പ്രതിദിനം 10 ഡോളർ എന്ന ലക്ഷ്യത്തിലേക്ക് എത്താൻ പ്രവിശ്യക്ക് കഴിഞ്ഞിട്ടില്ല. മിക്ക മാതാപിതാക്കളും ഇപ്പോഴും ഉയർന്ന ഫീസാണ് നൽകുന്നത്:
ഹാലിഫാക്സിൽ പ്രീ-സ്‌കൂൾ പ്രായത്തിലുള്ള കുട്ടികൾക്കായി രക്ഷിതാക്കൾ ശരാശരി 22.25 ഡോളർ ആണ് ഒരു ദിവസം നൽകുന്നത്. മറ്റു പ്രദേശങ്ങളിൽ പ്രതിദിന ചെലവ് 35.29 ഡോളർ വരെ ഉയരുന്നു, ഇത് പ്രതിവർഷം 9,000 ഡോളറിലധികം വരും. ഇതോടൊപ്പം തന്നെ 9,500 പുതിയ ചൈൽഡ് കെയർ ഇടങ്ങൾ സൃഷ്ടിക്കാനും പ്രവിശ്യയ്‌ക്ക് കഴിഞ്ഞിട്ടില്ല. 7,200 സെൻ്ററുകൾ പ്രഖ്യാപിച്ചെങ്കിലും പലതിൻ്റെയും നിർമ്മാണം പാതിവഴിയിലാണ്. 2026 മാർച്ച് അവസാനത്തോടെ ആറ് വയസ്സിൽ താഴെയുള്ള 59 ശതമാനം കുട്ടികൾക്ക് ലൈസൻസുള്ള ചൈൽഡ് കെയർ സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള പ്രവിശ്യയുടെ ലക്ഷ്യം 70 ശതമാനം കമ്മ്യൂണിറ്റികളിലും ഇപ്പോഴും പൂർത്തിയായിട്ടില്ല.

പല ചൈൽഡ് കെയർ സെന്ററുകളിലും 600 പേർ വരെയുള്ള നീണ്ട കാത്തിരിപ്പ് പട്ടികയാണുള്ളത്. ലക്ഷ്യങ്ങൾ കൈവരിക്കാൻ ഫണ്ട് വേണമെന്ന് ഏർളി ചൈൽഡ്ഹുഡ് ഡെവലപ്‌മെന്റ് മന്ത്രി ബ്രെൻഡൻ മഗ്വെയർ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഫെഡറൽ തൊഴിൽ മന്ത്രി പാറ്റി ഹൈഡ്ജുവുമായി ഇക്കാര്യം ചർച്ച ചെയ്‌തിരുന്നു.
എങ്കിലും, CCPA റിപ്പോർട്ട് തയ്യാറാക്കിയ ക്രിസ്റ്റിൻ സോൾനിയർ ഈ ഫണ്ട് ആവശ്യത്തിൽ വിമർശനമുന്നയിച്ചിട്ടുണ്ട്. 10 ഡോളർ ലക്ഷ്യത്തിലെത്താനുള്ള ഫണ്ടിംഗ് നിലവിൽ ലഭ്യമാണെന്നും, പ്രവിശ്യക്ക് ലഭിച്ച ഫണ്ട് പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്നുമാണ് അവരുടെ വാദം. റിപ്പോർട്ട് പ്രകാരം, ചൈൽഡ് കെയർ സംവിധാനത്തിൽ ഏർളി ചൈൽഡ്ഹുഡ് എജ്യുക്കേറ്റർമാർക്ക് (ECEs) നിർവചിക്കപ്പെട്ട ആനുകൂല്യങ്ങളും പെൻഷൻ പ്ലാനും ലഭിച്ചു. എങ്കിലും കുറഞ്ഞ വേതനം കാരണം എജ്യുക്കേറ്റർമാരെ നിയമിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. നോവ സ്കോഷ ഒരു പുതിയ ഫണ്ടിംഗ് മോഡൽ സ്വീകരിക്കുകയും, വെയിറ്റ് ലിസ്റ്റുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഭാരം വ്യക്തിഗത കേന്ദ്രങ്ങളിൽ നിന്ന് ഒഴിവാക്കാൻ ഒരു സെൻട്രൽ ഏജൻസി രൂപീകരിക്കുകയും ചെയ്യണമെന്നുമാണ് CCPA യുടെ വിലയിരുത്തൽ.
