ടൊറൻ്റോ : നഗരത്തിലും ഗ്രേറ്റർ ടൊറൻ്റോ, ഹാമിൽട്ടൺ (ജിടിഎച്ച്എ) മേഖലയിലും ടോ ട്രക്കുകൾക്കും ഫസ്റ്റ് റെസ്‌പോണ്ടർമാർക്കും ഇന്ന് തിരക്കേറിയ ദിവസമായിരുന്നു. കനത്ത മഞ്ഞുവീഴ്ചയും മഞ്ഞുമഴയും പെയ്തതോടെ ബുധനാഴ്ച പുലർച്ചെ മുതൽ ജിടിഎച്ച്എയിൽ നൂറ്റിഅമ്പതിലധികം അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP) നിർദ്ദേശിച്ചു. താപനില കുറയുകയും റോഡുകൾ ഇപ്പോഴും നനഞ്ഞിരിക്കുകയും ചെയ്യുന്നതിനാൽ, ആ മഞ്ഞുമൂടിയ ഭാഗങ്ങൾ വളരെ വഴുക്കലുള്ളതായിരിക്കും. ഇത് അപകടസാധ്യത വർധിപ്പിക്കുന്നതായി ഒപിപി മുന്നറിയിപ്പ് നൽകി.

ടൊറൻ്റോയിൽ 5-10 സെന്റീമീറ്റർ മഞ്ഞുവീഴ്ചയാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് രാത്രി താപനില കുറയുമ്പോൾ ഐസ് അടിഞ്ഞുകൂടുന്നത് തടയാൻ ഇന്ന് ടൊറൻ്റോയിലെ എല്ലാ തെരുവുകളും സ്നോപ്ളൗ ഉപയോഗിച്ച് വൃത്തിയാക്കുമെന്ന് സിറ്റി അധികൃതർ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം ആരംഭിക്കുന്ന മറ്റൊരു മഞ്ഞുവീഴ്ച വ്യാഴാഴ്ച വരെ തുടരും. ജിടിഎയിൽ യോർക്ക് മേഖലയിലാണ് മഞ്ഞുവീഴ്ചയുടെ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെടുക. കൂടുതൽ സ്കൂൾ ബസുകൾ റദ്ദാക്കാനുള്ള സാധ്യതയും ഉണ്ട്. ബാരി, ഇന്നിസ്ഫിൽ എന്നിവിടങ്ങളിലായിരിക്കും ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുക, ആ പ്രദേശങ്ങളിൽ 50 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു. ന്യൂമാർക്കറ്റിൽ 20 മുതൽ 35 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകാം.
