ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേഡ് ഐലൻഡിലെ മദ്യവിൽപ്പനശാലകളിൽ നാളെ മുതൽ യുഎസ് മദ്യം വിൽപ്പനയ്‌ക്കെത്തും. യുഎസ് ഏർപ്പെടുത്തിയ താരിഫുകൾക്ക് പകരമായി ഫെബ്രുവരിയിൽ സ്റ്റോറുകളിൽ നിന്ന് യുഎസ് മദ്യ ഉൽപ്പന്നങ്ങൾ പി.ഇ.ഐ. സർക്കാർ പിൻവലിച്ചിരുന്നു. അമേരിക്കൻ നിർമ്മിത മദ്യത്തിന്‍റെ ബാക്കിയുള്ള സ്റ്റോക്ക് വിറ്റഴിച്ച്, അതിൽ നിന്നുള്ള ലാഭം പ്രവിശ്യയിലെ ഫുഡ് ബാങ്കുകൾക്ക് നൽകും. മാരിടൈംസ് പ്രവിശ്യകളായ നോവസ്കോഷ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്നിവർക്കൊപ്പം മാനിറ്റോബയും മുമ്പ് സമാനമായ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.

വ്യാഴാഴ്ച മുതൽ അമേരിക്കൻ മദ്യം വീണ്ടും സ്റ്റോറുകളിൽ എത്തിക്കാൻ പി.ഇ.ഐ ലിക്വർ കൺട്രോൾ കമ്മീഷനോട് (പി.ഇ.ഐ.എൽ.സി.സി) സർക്കാർ നിർദ്ദേശിച്ചു. എന്നാൽ, ഷിപ്പിങ് ലോജിസ്റ്റിക്സ് കാരണം ചില സ്ഥലങ്ങളിലെ സ്റ്റോറുകളിൽ യുഎസ് മദ്യം എത്താൻ കാലതാമസം ഉണ്ടായേക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. നിലവിലെ സ്റ്റോക്ക് വിറ്റഴിച്ചു കഴിഞ്ഞാൽ വീണ്ടും അമേരിക്കൻ മദ്യം വീണ്ടും ഓർഡർ ചെയ്യില്ലെന്നും ധനമന്ത്രി ജിൽ ബുറിഡ്ജ് പറഞ്ഞു.
