എഡ്മിന്‍റൻ : റീകോൾ ഹർജികൾ പ്രീമിയർ ഡാനിയേൽ സ്മിത്തിന്‍റെ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി സർക്കാരിന് കുരുക്കാകുന്നു. ഡാനിയേൽ സ്മിത്തിനും അവരുടെ രണ്ട് കാബിനറ്റ് മന്ത്രിമാർക്കുമെതിരെ റീകോൾ ഹർജി പുറപ്പെടുവിച്ചതായി ഇലക്ഷൻസ് ആൽബർട്ട അറിയിച്ചു. ഇതോടെ പ്രീമിയർ ഉൾപ്പെടെ ആൽബർട്ടയിൽ 21 എംഎൽഎമാർക്ക് തങ്ങളുടെ സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇത് യുസിപി കോക്കസിന്‍റെ മൂന്നിലൊന്നിൽ കൂടുതലാണ്. പ്രതിപക്ഷ പാർട്ടിയായ എൻഡിപിയുടെ വിദ്യാഭ്യാസ നിരൂപകയായ അമാൻഡ ചാപ്മാനും റീകോൾ ഹർജി നേരിടുന്നുണ്ട്. സാങ്കേതിക മന്ത്രി നേറ്റ് ഗ്ലൂബിഷ്, പരിസ്ഥിതി മന്ത്രി റെബേക്ക ഷുൾസ് എന്നിവർക്കെതിരെയാണ് പുതിയ ഹർജികൾ.

അതേസമയം ഈ നീക്കം ഫലവത്താകണമെങ്കിൽ, ഹർജിക്കാർക്ക് അടുത്ത 90 ദിവസത്തിനുള്ളിൽ അതത് റൈഡിങ്ങുകളിലെ അവസാന തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ 60 ശതമാനത്തിന് തുല്യമായ വോട്ടർമാരുടെ ഒപ്പുകൾ ശേഖരിക്കണം. ഒപ്പുകൾ ശേഖരിച്ച് കഴിഞ്ഞാൽ, എംഎൽഎയെ സ്ഥാനത്ത് നിലനിർത്തണോ എന്ന് തീരുമാനിക്കാൻ വോട്ടെടുപ്പ് നടത്തും. വോട്ടെടുപ്പിൽ എംഎൽഎ തോറ്റാൽ ഉപതിരഞ്ഞെടുപ്പ് നടക്കും. ഡിസംബർ 11 മുതൽ 2026 മാർച്ച് 10 വരെ സ്മിത്തിന്‍റെ റൈഡിങിൽ ഒപ്പുശേഖരണം നടക്കും.
