ടൊറൻ്റോ : അതിവേഗ ന്യൂനമർദ്ദമായ ആൽബർട്ട ക്ലിപ്പേഴ്‌സ് കാരണം ഗ്രേറ്റർ ടൊറൻ്റോയിലും ഹാമിൽട്ടൺ മേഖലയിലും (GTHA) അതിശക്തമായ മഞ്ഞവീഴ്ച ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച രാത്രിയോടെ 10 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് കണക്കാക്കുന്നു. മിസ്സിസാഗ, ബ്രാംപ്ടൺ, ഓക്ക്‌വിൽ, ബർലിംഗ്ടൺ, ഹാമിൽട്ടൺ, വോൺ, റിച്ച്മണ്ട് ഹിൽ, മാർക്കം, കിച്ചനർ, കേംബ്രിഡ്ജ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടും. അടുത്ത 24 മണിക്കൂറിനുള്ളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ ഭാഗികമായി 15 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകാം.

ശക്തമായ മഞ്ഞുവീഴ്ചയും കാറ്റും കാരണം വിസിബിലിറ്റി കുറയുന്നതിനാൽ യാത്ര ദുഷ്കരമാകും. മഞ്ഞ് അടിഞ്ഞുകൂടുന്നതിനാൽ റോഡുകളിലും നടപ്പാതകളിലും സഞ്ചരിക്കാൻ പ്രയാസമായിരിക്കും. തിരക്കേറിയ സമയത്തെ ഗതാഗതത്തെ ഇത് സാരമായി ബാധിച്ചേക്കാം, കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. പെട്ടെന്ന് മാറുന്നതും ദുഷ്കരമാകുന്നതുമായ യാത്രാ സാഹചര്യങ്ങൾക്കായി ജനങ്ങൾ തയ്യാറെടുക്കണം. കൂടാതെ അനാവശ്യ യാത്രകൾ ഒഴിവാക്കുകയോ യാത്രയ്ക്ക് കൂടുതൽ സമയം കണക്കുകൂട്ടുകയോ വേണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.
