അബുദാബി: ആര്‍ട്ടണ്‍ കാപ്പിറ്റല്‍ പുറത്തിറക്കിയ ‘പാസ്പോര്‍ട്ട് ഇന്‍ഡക്സ് 2025’ പ്രകാരം യുഎഇ പാസ്പോര്‍ട്ട് തുടര്‍ച്ചയായ ഏഴാം വര്‍ഷവും ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന സ്ഥാനം നിലനിര്‍ത്തി. ലോകത്തിലെ പല പ്രധാന പാസ്പോര്‍ട്ടുകള്‍ക്കും യാത്രാ സ്വാതന്ത്ര്യം നഷ്ടമായപ്പോഴും യുഎഇ അതിന്റെ ആധിപത്യം ഉറപ്പിച്ചു.
യുഎഇ പാസ്പോര്‍ട്ട് ഉപയോഗിച്ച് 129 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 45 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ ആയും 8 രാജ്യങ്ങളില്‍ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇടിഎ) വഴിയും പ്രവേശനം നേടാന്‍ സാധിക്കും. ഇതോടെ 179 മൊബിലിറ്റി സ്കോറാണ് യുഎഇ കരസ്ഥമാക്കിയത്.

ലോകമെമ്പാടുമുള്ള യാത്രാ നിയന്ത്രണങ്ങള്‍ വര്‍ധിക്കുകയും ആഗോള മൊബിലിറ്റി കുറയുകയും ചെയ്യുന്ന ഈ സമയത്ത് യുഎഇയുടെ ഈ നേട്ടം ശ്രദ്ധേയമാണ്. യുഎഇയുടെ ദീര്‍ഘകാല നയതന്ത്ര ബന്ധങ്ങളും സ്ഥിരതയുള്ള വിദേശനയവും സാമ്പത്തികമായി സ്വാധീനമുള്ള ആഗോള കേന്ദ്രമെന്ന നിലയിലെ വിജയവുമാണ് ഈ കരുത്തിന് കാരണം. കൂടുതല്‍ രാജ്യങ്ങള്‍ യുഎഇയുമായി സാമ്പത്തികവും തന്ത്രപരവുമായ ബന്ധം ആഗ്രഹിക്കുന്നതിനാല്‍ എമിറാത്തി യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ പ്രവേശനം നല്കാന് അവര്‍ തയ്യാറാകുന്നു.
പ്രധാന യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടന്, യുഎസ്, കാനഡ തുടങ്ങിയ പല രാജ്യങ്ങളുടെയും പാസ്പോര്‍ട്ടുകള്‍ക്ക് ഈ വര്‍ഷം വിസരഹിത പ്രവേശനം കുറയുകയും റാങ്കിംഗില്‍ താഴോട്ട് പോകുകയും ചെയ്തു. അതേസമയം, സിംഗപ്പൂര്‍ (രണ്ടാം സ്ഥാനം), മലേഷ്യ (17-ാം സ്ഥാനം) തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങള്‍ റാങ്കിങ്ങില്‍ വലിയ മുന്നേറ്റമുണ്ടാക്കി യൂറോപ്യന്‍ രാജ്യങ്ങളോട് മത്സരിക്കുന്ന നിലയിലേക്ക് ഉയര്‍ന്നു.
