വാഷിങ്ടണ്‍ ഡി.സി.: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും കനത്ത രാഷ്ട്രീയ തിരിച്ചടി. മയാമി മേയര്‍ തിരഞ്ഞെടുപ്പില്‍ ട്രംപ് പിന്തുണച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി എമീലിയോ ഗൊണ്‍സാലസിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റ് നേതാവ് ഐലീന്‍ ഹിഗിന്‍സ് (61) അട്ടിമറി വിജയം നേടി.
മൂന്ന് പതിറ്റാണ്ടിനു ശേഷമാണ് ഡെമോക്രാറ്റുകള്‍ മിയാമിയില്‍ മേയര്‍ പദവി തിരിച്ചുപിടിക്കുന്നത് എന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ട്. കൂടാതെ, മിയാമി നഗരത്തിന്റെ ചരിത്രത്തിലെ ആദ്യ വനിതാ മേയറായും ഐലീന്‍ ഹിഗിന്‍സ് ചുമതലയേല്‍ക്കും.

സ്പാനിഷ് സമൂഹത്തിന് ഭൂരിപക്ഷമുള്ള മിയാമിയില്‍, ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഹിഗിന്‍സ് സ്വീകരിച്ച ഉറച്ച നിലപാടാണ് വിജയത്തിന് നിര്‍ണായകമായത്.
മേയര്‍ തിരഞ്ഞെടുപ്പുകളില്‍ ട്രംപിന് തുടര്‍ച്ചയായി നേരിടുന്ന രണ്ടാമത്തെ കനത്ത തിരിച്ചടിയാണിത്. നവംബറില്‍ നടന്ന യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ കടുത്ത വിമര്‍ശകനായ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി (34) വിജയിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ മറികടന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് ട്രംപ് പിന്തുണ നല്‍കിയിരുന്നെങ്കിലും അത് വിജയം കണ്ടിരുന്നില്ല.
