ദുബായ്: ലോകമെമ്പാടുമുള്ള പ്രവാസികളെയും നിക്ഷേപകരെയും ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി യുഎഇ വീസ നിയമങ്ങളില്‍ 2025-ല്‍ 11 സുപ്രധാന മാറ്റങ്ങള്‍ നടപ്പാക്കി. ഗോള്‍ഡന്‍ വീസ, സന്ദര്‍ശക വീസ വിഭാഗങ്ങളിലാണ് പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാറ്റങ്ങള്‍ യുഎഇയിലെ പ്രവാസികളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും.
സന്ദര്‍ശക വീസയില്‍ 4 പുതിയ വിഭാഗങ്ങള്‍: നിര്‍മിത ബുദ്ധി (AI), വിനോദം, ഇവന്റുകള്‍, ആഡംബരക്കപ്പല്‍ യാത്രകള്‍ എന്നീ മേഖലകളിലെ വിദഗ്ദ്ധര്‍ക്കായി നാല് പുതിയ സന്ദര്‍ശക വീസകള്‍ അവതരിപ്പിച്ചു. എഐ വിദഗ്ദ്ധര്‍ക്ക് സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി പെര്‍മിറ്റുകളും ലഭിക്കും.
വീസ ഓണ്‍ അറൈവല്‍ ഇളവുകള്‍: നിലവിലുള്ള യുഎസ്, യൂറോപ്യന്‍ യൂണിയന്‍, യുകെ എന്നിവിടങ്ങളിലെ സാധുവായ വീസയോ റസിഡന്‍സ് പെര്‍മിറ്റോ ഉള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വീസ ഓണ്‍ അറൈവല്‍ ഇളവുകള്‍ വിപുലീകരിച്ചു. ഓസ്ട്രേലിയ, കാനഡ, ജപ്പാന്‍, ന്യൂസീലന്‍ഡ്, റിപ്പബ്ലിക് ഓഫ് കൊറിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെ സാധുവായ റസിഡന്‍സ് പെര്‍മിറ്റുള്ള ഇന്ത്യക്കാര്‍ക്കും ഇനി യുഎഇയില്‍ വീസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിക്കും.
സ്‌പോണ്‍സറോ ഹോസ്റ്റോ ഇല്ലാതെ നിരവധി തവണ യുഎഇ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്ന, അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസയ്ക്ക് പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് അപേക്ഷിക്കാം. എന്‍ട്രി പെര്‍മിറ്റിനുള്ള അപേക്ഷകള്‍ക്ക് സെപ്റ്റംബര്‍ മുതല്‍ പാസ്പോര്‍ട്ടിന്റെ പുറം കവര്‍ പേജിന്റെ കോപ്പി കൂടി സമര്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കി.

റസിഡന്‍സി നിയമങ്ങളിലെ മാറ്റങ്ങള്‍:
സന്ദര്‍ശക വീസ സ്‌പോണ്‍സര്‍ ചെയ്യാന്‍ കുറഞ്ഞ ശമ്പളം: സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദര്‍ശക വീസയില്‍ യുഎഇയിലേക്ക് സ്‌പോണ്‍സര്‍ ചെയ്യാന്‍ റസിഡന്‍സി വീസയുള്ളവര്‍ക്ക് കുറഞ്ഞ പ്രതിമാസ ശമ്പളം നിര്‍ബന്ധമാക്കി. ബന്ധുത്വത്തിന്റെ അടുപ്പം അനുസരിച്ച് 4,000, 8,000, 15,000 ദിര്‍ഹം എന്നിങ്ങനെയാണ് കുറഞ്ഞ ശമ്പള പരിധി നിശ്ചയിച്ചിരിക്കുന്നത്.
ട്രാഫിക് പിഴകള്‍ അടയ്ക്കാതെ വീസ പുതുക്കാനാവില്ല: ദുബായില്‍ താമസ വീസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ട്രാഫിക് പിഴകള്‍ അടച്ചുതീര്‍ക്കുന്നത് നിര്‍ബന്ധമാക്കി പൈലറ്റ് സിസ്റ്റം അവതരിപ്പിച്ചു. വീസ പുതുക്കുന്നതിന് മുന്‍പ് കുടിശ്ശികയുള്ള ട്രാഫിക് പിഴകള്‍ തീര്‍ക്കണം.
പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ‘ബ്ലൂ റസിഡന്‍സി’: പരിസ്ഥിതി സംരക്ഷണത്തിനായി അസാധാരണമായ സംഭാവനകള്‍ നല്‍കിയവര്‍ക്ക് 10 വര്‍ഷത്തെ റസിഡന്‍സിയായ ‘ബ്ലൂ റസിഡന്‍സി’ വീസ അവതരിപ്പിച്ചു. ഈ വീസയ്ക്ക് അപേക്ഷിക്കാന്‍ വിദേശത്തുള്ളവര്‍ക്ക് 180 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി പെര്‍മിറ്റ് ലഭിക്കും.
ഗോള്‍ഡന്‍ വീസയിലെ പുതിയ വിഭാഗങ്ങള്‍:
നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വീസ: ദുബായ് ഹെല്‍ത്തിന് കീഴില്‍ 15 വര്‍ഷത്തിലധികം സേവനം അനുഷ്ഠിച്ച നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വീസ നല്‍കാന്‍ തീരുമാനമായി.
കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഗോള്‍ഡന്‍ വീസ: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍, പോഡ്കാസ്റ്റര്‍മാര്‍, ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്ക് യുഎഇയില്‍ താമസിക്കാനും ജോലി ചെയ്യാനും അവസരം നല്‍കിക്കൊണ്ട് ഗോള്‍ഡന്‍ വീസ ഏര്‍പ്പെടുത്തി. ‘ക്രിയേറ്റേഴ്സ് എച്ച് ക്യു’ എന്ന പ്ലാറ്റ്ഫോം വഴിയാണ് ഇതിന് അപേക്ഷിക്കേണ്ടത്.
‘വഖഫ്’ ദാതാക്കള്‍ക്കും ഗോള്‍ഡന്‍ വീസ: മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായം നല്‍കുന്നവര്‍ക്കുള്ള ഗോള്‍ഡന്‍ വീസ വിഭാഗത്തില്‍ വഖഫ് (ചാരിറ്റബിള്‍ ട്രസ്റ്റ്) ദാതാക്കളെയും ഉള്‍പ്പെടുത്തി.
ഗോള്‍ഡന്‍ വീസക്കാര്‍ക്ക് കോണ്‍സുലാര്‍ സേവനങ്ങള്‍: വിദേശകാര്യ മന്ത്രാലയം ഗോള്‍ഡന്‍ വീസ ഉടമകള്‍ക്കായി പുതിയ കോണ്‍സുലാര്‍ സേവനങ്ങള്‍ പ്രഖ്യാപിച്ചു. അടിയന്തര സഹായം, ദുരന്തസമയത്തെ ഒഴിപ്പിക്കല്‍, വിദേശത്ത് മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സഹായം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
