മുംബൈ: രാജ്യത്തെ സാധാരണ നിക്ഷേപകര്‍ക്ക്, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനായി തപാല്‍ വകുപ്പ് (Department of Posts) ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായി (BSE) സുപ്രധാന പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ശൃംഖലകളിലൊന്നായ തപാല്‍ വകുപ്പിന്റെ വിപുലമായ സേവനം ഇനി മ്യൂച്വല്‍ ഫണ്ട് വിതരണത്തിനായി ഉപയോഗിക്കും.

കരാര്‍ പ്രകാരം, തിരഞ്ഞെടുക്കപ്പെട്ട തപാല്‍ ഓഫീസുകള്‍ ബി.എസ്.ഇയുടെ മ്യൂച്വല്‍ ഫണ്ട് വിതരണ പ്ലാറ്റ്ഫോമായ ബി.എസ്.ഇ സ്റ്റാര്‍ എം.എഫ് (BSE StAR MF) വഴി മ്യൂച്വല്‍ ഫണ്ട് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ഏജന്റുമാരായി പ്രവര്‍ത്തിക്കും. പ്രാരംഭ ഘട്ടത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് തപാല്‍ വകുപ്പും ബി.എസ്.ഇയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്. ആവശ്യമെങ്കില്‍ ഇത് പുതുക്കുന്നതിനുള്ള വ്യവസ്ഥകളും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തപാല്‍ വകുപ്പിന്റെ വിശ്വാസ്യതയും രാജ്യമെമ്പാടുമുള്ള സാന്നിധ്യവും ബി.എസ്.ഇയുടെ സാങ്കേതികവിദ്യയും കൂടിച്ചേരുമ്പോള്‍, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഒരു മെട്രോ നഗരങ്ങളിലെ സംവിധാനം എന്നതിലുപരി സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ സമീപിക്കാവുന്ന ഒരു നിക്ഷേപ മാര്‍ഗ്ഗമായി മാറുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. രാജ്യത്തെ റീട്ടെയ്ല്‍ നിക്ഷേപ വളര്‍ച്ചയ്ക്ക് ഈ നീക്കം വലിയ ഉത്തേജനം നല്‍കുമെന്നാണ് പ്രതീക്ഷ.
