Saturday, March 21, 2026

കാനഡയിൽ ഗ്രോസറി ഉൽപ്പന്നങ്ങൾക്ക് പൊള്ളുംവില

ഓട്ടവ : നവംബറിൽ ഉപഭോക്താക്കൾക്ക് വെല്ലുവിളിയായി ഗ്രോസറി ഉൽപ്പന്നങ്ങളുടെ വില വർധന തുടരുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ഏകദേശം രണ്ട് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ വളർച്ചയിൽ ഗ്രോസറി ഉൽപ്പന്നങ്ങളുടെ വില നവംബറിൽ 4.7% .വർധിച്ചു. ഒക്ടോബറിൽ ഇത് 3.2 ശതമാനമായിരുന്നു. ഭക്ഷ്യവസ്തുക്കളിൽ പ്രധാനമായും പഴവർഗ്ഗങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ വിലയിലാണ് വലിയ കുതിച്ചുചാട്ടം ഉണ്ടായത്. കാപ്പിപ്പൊടിയുടെ വില മുൻവർഷത്തെ അപേക്ഷിച്ച് 27.8% വർധിച്ചു. കാലാവസ്ഥാ വ്യതിയാനവും യുഎസ് താരിഫുകളുമാണ് കാപ്പി വിലയിലെ വർധനയ്ക്ക് പ്രധാനകാരണം. വടക്കേ അമേരിക്കയിൽ കന്നുകാലികളുടെ എണ്ണം കുറഞ്ഞതോടെ നവംബറിൽ പുതിയതോ ശീതീകരിച്ചതോ ആയ ബീഫിന്‍റെ വില 17.7% ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ ഇടിവുണ്ടായെങ്കിലും നവംബറിൽ മാസാമാസം 1.8% വർധനയുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. അതേസമയം, കനേഡിയൻ പൗരന്മാർ അമേരിക്കൻ യാത്രകൾ ഒഴിവാക്കിയതോടെ കഴിഞ്ഞ വർഷത്തെ ഇതേ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ നവംബറിൽ പാക്കേജ് ടൂർ നിരക്കുകൾ 8.2% കുറഞ്ഞു.

അതേസമയം കാനഡയിൽ കഴിഞ്ഞ മാസം വാർഷിക പണപ്പെരുപ്പ നിരക്ക് 2.2 ശതമാനമായി മാറ്റമില്ലാതെ തുടരുന്നതായി ഫെഡറൽ ഏജൻസി അറിയിച്ചു. നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകളിൽ ഉടൻ മാറ്റം വരുത്താൻ സാധ്യതയില്ലെന്നാണ് ആർബിസി സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നതിന്‍റെ സൂചനകൾ കാണിക്കുന്നതിനാൽ കൂടുതൽ പലിശ നിരക്ക് കുറയ്ക്കലുകൾക്കും സാധ്യതയില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!