അബുദാബി : ഇന്ത്യൻ പ്രീമിയര് ലീഗ് താരലേലത്തിൽ നേട്ടം കൊയ്ത് ഓസ്ട്രേലിയൻ താരം കാമറൂൺ ഗ്രീനും ശ്രീലങ്കൻ താരം മതീഷ പതിരാനയും. ഗ്രീന്‍ 25.2 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിക്കും. ഓസ്ട്രേലിയൻ താരത്തിനായി വാശിയേറിയ പോരാട്ടമാണു തുടക്കം മുതൽ നടന്നത്. രാജസ്ഥാന്‍ റോയൽസ് തുടക്കത്തിൽ രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് പിന്‍മാറി. ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്തയും തമ്മിലായിരുന്നു ഗ്രീനിനു വേണ്ടിയുള്ള പിന്നീടത്തെ പോരാട്ടം. ഒടുവിൽ പഴ്സിലെ വലിയ തുകയുടെ കരുത്തിൽ ഗ്രീനിനെ കൊൽക്കത്ത സ്വന്തമാക്കി.

ചെന്നൈ സൂപ്പർ കിങ്സ് റിലീസ് ചെയ്ത ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാനയ്ക്കും വലിയ വില കിട്ടി. 18 കോടി രൂപയ്ക്കാണ് താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിൽ ചേർന്നത്. കഴിഞ്ഞ ഐപിഎലിൽ 13 കോടിക്കായിരുന്നു താരം ചെന്നൈയിൽ കളിച്ചത്. പതിരാനയ്ക്കു വേണ്ടി ലക്നൗ സൂപ്പര്‍ ജയന്റ്സും ഡൽഹി ക്യാപിറ്റൽസും രംഗത്തെത്തിയതോടെ രണ്ടു കോടി അടിസ്ഥാന വിലയിട്ട താരത്തിന്റെ വില 15 കോടി പിന്നിട്ടിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി മത്സരത്തിലേക്ക് എത്തിയ കൊൽക്കത്ത വലിയ തുക മുടക്കി താരത്തെ സ്വന്തമാക്കുകയായിരുന്നു. ഇന്ത്യൻ ഓൾറൗണ്ടർ വെങ്കടേഷ് അയ്യര്‍ ഏഴുകോടിക്ക് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ ചേർന്നു. ഓസ്ട്രേലിയയുടെ യുവതാരം ജേക് ഫ്രേസര്‍ മഗ്രുകിനെ ആദ്യ അവസരത്തിൽ ആരും വിളിച്ചില്ല. ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലർ രണ്ടു കോടിക്ക് ഡൽഹി ക്യാപിറ്റൽസിൽ ചേരും. ഇന്ത്യൻ യുവതാരം പൃഥ്വി ഷായും ആദ്യ അവസരത്തിൽ വിറ്റുപോയില്ല.10 ടീമുകളിലായി ആകെ 77 താരങ്ങൾക്കാണ് അവസരം ലഭിക്കുക. ആകെ 237.55 കോടി രൂപയാണ് 10 ടീമുകൾക്കുമായി ആകെ മുടക്കാൻ സാധിക്കുക. 64.30 കോടി രൂപ കയ്യിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ലേലത്തിലെ സമ്പന്നർ. 2.75 കോടി മാത്രം ബാക്കിയുള്ള മുംബൈയാണ് പണപ്പട്ടികയിൽ പിന്നിൽ.
