വാഷിങ്ടൺ : ലോകകപ്പ് ടിക്കറ്റ് നിരക്കുകൾക്കെതിരെ ആഗോളതലത്തിൽ ഉയർന്ന വ്യാപക പ്രതിഷേധത്തെത്തുടർന്ന് ചില ടിക്കറ്റുകളുടെ നിരക്ക് കുറയ്ക്കുമെന്ന് ഫിഫ. ടീമുകളുടെ ഔദ്യോഗിക ഫാൻ ഗ്രൂപ്പുകൾക്കുള്ള ടിക്കറ്റ് നിരക്ക് 60 യുഎസ് ഡോളറാക്കി കുറച്ചു. ഫൈനൽ ടിക്കറ്റിന് 4,185 ഡോളർ വരെ നൽകേണ്ടി വരുമെന്ന ആശങ്ക നിലനിൽക്കെയാണ് ഫിഫയുടെ ഈ അപ്രതീക്ഷിത നീക്കം.

യുഎസ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ടൂർണമെൻ്റിലെ ഓരോ മത്സരത്തിനും 60 ഡോളർ നിരക്കിലുള്ള ടിക്കറ്റുകൾ ലഭ്യമാകുമെന്ന് ചൊവ്വാഴ്ച ഫിഫ അറിയിച്ചു. സപ്പോർട്ടർ എൻട്രി ടയർ എന്ന വിഭാഗത്തിലാണ് ഈ ടിക്കറ്റുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ടീമിനും മത്സരമൊന്നിന് 400 മുതൽ 750 ടിക്കറ്റുകൾ വരെ ഇത്തരത്തിൽ ലഭിക്കാൻ സാധ്യതയുണ്ട്. ദേശീയ ഫെഡറേഷനുകൾ വഴിയാണ് ഈ ടിക്കറ്റുകൾ വിതരണം ചെയ്യുക.
