ഒമാൻ: ‘സുഖമാണോ’ എന്ന് മലയാളികളോട് വിശേഷങ്ങൾ തിരക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽവെച്ച് ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കിടെയായിരുന്നു ഇത്. ആർപ്പുവിളിച്ച സദസ്സിനെ ‘മിനി ഇന്ത്യ’യെന്നും മാേദി വിശേഷിപ്പിച്ചു. സദസ്സിൽ ഒട്ടേറെ മലയാളികളുണ്ടെന്ന് പറഞ്ഞശേഷമായിരുന്നു സുഖവിവരങ്ങൾ തിരക്കിയത്. മലയാളികൾ മാത്രമല്ല, തമിഴ്, തെലുഗു, കന്നഡ, ഗുജറാത്തി ഭാഷകൾ സംസാരിക്കുന്നവരും ഇവിടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിദ്യാഭ്യാസം ഒമാനിൽ 50 വർഷം പൂർത്തിയാക്കുകയാണെന്നും അത് ബന്ധത്തിലെ നാഴികക്കല്ലാണെന്നും മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബഹിരാകാശരംഗത്തെ സഹകരണവും മോദി ഓര്‍മ്മിപ്പിച്ചു. ഒമാനിൽ ഏഴുലക്ഷം ഇന്ത്യക്കാരുള്ളതിൽ വലിയൊരുവിഭാഗവും മലയാളികളാണ്.

ഔദ്യോഗിക സന്ദർശന വേളയിൽ ഇന്ത്യയുടെ 98.08 ശതമാനം ഉത്പന്നങ്ങൾക്കും ഒമാന്റെ വിപണിയിലേക്ക് നികുതിരഹിത പ്രവേശനമുറപ്പാക്കുന്ന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഒമാനിലേക്കുള്ള കയറ്റുമതിയുടെ ആകെ മൂല്യത്തിന്റെ 99.38 ശതമാനം വരുമത്. നികുതിയിളവിൽ 77.79 ശതമാനം ഒമാനി ഉത്പന്നങ്ങളും ഇന്ത്യൻ വിപണിയിലെത്തും. കരാർ ഇന്ത്യയുടെ ടെക്‌സ്റ്റൈൽ, തുകൽ ഉത്പന്നങ്ങൾ, ചെരിപ്പ്, ആഭരണങ്ങൾ, രത്നങ്ങൾ, എൻജിനിയറിങ് ഉത്പന്നങ്ങൾ, പ്ലാസ്റ്റിക്, മര ഉരുപ്പടികൾ, കാർഷികോത്പന്നങ്ങൾ, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, വാഹനങ്ങൾ എന്നീ മേഖലകളിൽ പുതിയ അവസരങ്ങൾ തുറക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിനും നേട്ടമുണ്ടാകുമെന്നാണ് കണക്കുക്കൂട്ടൽ.
