വിനിപെഗ്: മാനിറ്റോബയുടെ തെക്കൻ മേഖലകളിൽ വീശിയടിച്ച അതിശക്തമായ മഞ്ഞുവീഴ്ചയെയും കാറ്റിനെയും തുടർന്ന് വിനിപെഗ് വിമാനത്താവളത്തിന്റെ പ്രവർത്തനം താളംതെറ്റി. ക്രിസ്മസ് യാത്രാ തിരക്കേറിയ സമയത്തുണ്ടായ മോശം കാലാവസ്ഥ നൂറുകണക്കിന് യാത്രക്കാരെ പ്രതിസന്ധിയിലാക്കി. വ്യാഴാഴ്ച മുതൽ പെയ്ത കനത്ത മഞ്ഞുവീഴ്ചയിൽ നിരവധി ആഭ്യന്തര-അന്തർദേശീയ വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. വിമാനത്താവളത്തിലേക്ക് വരുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. അതേ സമയം മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് പലർക്കും വിമാനം റദ്ദാക്കിയ വിവരം ലഭിച്ചത്. ഹോട്ടൽ താമസത്തിനോ ഭക്ഷണത്തിനോ എയർലൈനുകളിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാത്തത് യാത്രക്കാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കി. നിലവിൽ മഞ്ഞുവീഴ്ചയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും, വിമാന സർവീസുകൾ പൂർവ്വസ്ഥിതിയിലാകാൻ സമയമെടുക്കും. വെള്ളിയാഴ്ച രാവിലെ മുതൽ ചില വിമാനങ്ങൾ സർവീസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും യാത്രക്കാർ മുൻകൂട്ടി വിവരങ്ങൾ തിരക്കണമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു.

മഞ്ഞുവീഴ്ചയെത്തുടർന്ന് കുടുങ്ങിപ്പോയ പല യാത്രക്കാരെയും വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലുകളിലേക്ക് മാറ്റി. വർഷത്തിലെ ഏറ്റവും തിരക്കേറിയ യാത്രാ സീസണിൽ ഇത്തരമൊരു പ്രതിസന്ധി ഉണ്ടായത് വിദേശയാത്രികർ ഉൾപ്പെടെയുള്ളവരെ വലിയ രീതിയിൽ ബാധിച്ചു. മാനിറ്റോബയിൽ പലയിടത്തും 20 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ച രേഖപ്പെടുത്തി. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റ് കാഴ്ചാപരിധി പൂജ്യമാക്കി കുറച്ചതോടെ റോഡ് യാത്രയും അസാധ്യമായി.
