കൊച്ചി: മലയാള സിനിമയില്‍ തിരക്കഥാകൃത്ത്, നടന്, സംവിധായകന്, നിര്‍മ്മാതാവ് എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം തന്റെ തനതായ മുദ്ര പതിപ്പിച്ചാണ് ശ്രീനിവാസന് യാത്രയാകുന്നത്. ആക്ഷേപഹാസ്യത്തെ ഇത്രമേല്‍ കൃത്യതയോടെയും മൂര്‍ച്ചയോടെയും മലയാള സിനിമയില്‍ പ്രയോഗിച്ച മറ്റൊരു കലാകാരനില്ല. സാധാരണക്കാരന്റെ ജീവിതത്തിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
1956-ല്‍ കണ്ണൂരിലെ പാട്യത്ത് ജനിച്ച ശ്രീനിവാസന്, മദ്രാസ് ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷമാണ് സിനിമയിലെത്തുന്നത്. പി.എ. ബക്കറിന്റെ ‘മണിമുഴക്കം’ (1977) എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും, സത്യന് അന്തിക്കാട്-പ്രിയദര്ശന് കൂട്ടുകെട്ടിലൂടെയാണ് ശ്രീനിവാസന് എന്ന തിരക്കഥാകൃത്തിനെ മലയാളം തിരിച്ചറിഞ്ഞത്. ശ്രീനിവാസിന്റെ കഥാപാത്രങ്ങളെല്ലാം മലയാളികള്‍ക്കിടയില്‍ ജീവിക്കുന്നവരാണ്. ശ്രീനിവാസന് കണ്ടെത്തിയ കഥാപാത്രങ്ങളെല്ലാം തന്നെ നമ്മുക്കിടയില്‍ ഉള്ളവരു തന്നെ. മലയാളികളുടെ പൊങ്ങച്ചവും അസൂയയും അപകര്‍ഷതയും അതി രാഷ്ട്രീയ ബോധവും നിസഹയാവസ്ഥയുമെല്ലാം ലളിതമായി ശ്രീനിവാസന് പകര്‍ത്തി.
മലയാളത്തിലെ ഏറ്റവും വലിയ ‘കള്‍ട്ട്’ ഹീറോകളായ ദാസനെയും വിജയനെയും (നാടോടിക്കാറ്റ്) സൃഷ്ടിച്ചതിലൂടെ അദ്ദേഹം മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടി. ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ‘സന്ദേശം’ എന്ന സിനിമയിലൂടെ രാഷ്ട്രീയത്തിലെ അന്ധമായ പ്രവണതകളെ അദ്ദേഹം പരിഹസിച്ചു. ‘പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്നതുള്‍പ്പെടെയുള്ള ഡയലോഗുകള്‍ കാലത്തിനതീതമായി ഇന്നും പ്രസക്തമാണ്. അപാരമായ നര്‍മ്മവും കൂരമ്പാകുന്ന മറുപടികളും ശ്രീനിവാസന് ഡയലോഗുകളിലെ സവിശേഷത. തലമുറകള്‍ ഏറ്റെടുത്ത സംഭാഷണങ്ങളും സന്ദര്‍ഭങ്ങളും ട്രോളുകള്‍ക്ക് മുമ്പേ മലയാളിയെ ഊറിച്ചിരിപ്പിച്ചു, ചിന്തിപ്പിച്ചു.

അഭിനയത്തിനും രചനയ്ക്കുമപ്പുറം മികച്ച രണ്ട് ചിത്രങ്ങളാണ് അദ്ദേഹം മലയാളത്തിന് നല്‍കിയത് ഒന്ന് വടക്കുനോക്കിയന്ത്രം, അപകര്‍ഷതാബോധമുള്ള ‘തളത്തില്‍ ദിനേശന്’ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ എക്കാലത്തെയും മികച്ച സൈക്കോളജിക്കല്‍ കോമഡി ഡ്രാമ അദ്ദേഹം സമ്മാനിച്ചു. മറ്റൊന്ന് ചിന്താവിഷ്ടയായ ശ്യാമള, ഉത്തരവാദിത്തമില്ലാത്ത കുടുംബനാഥനെക്കുറിച്ചും നിസ്സഹായയായ വീട്ടമ്മയെക്കുറിച്ചും പറയുന്ന ഈ ചിത്രം ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടി.
സിനിമയിലെന്നപോലെ ജീവിതത്തിലും വെട്ടിത്തുറന്ന് സംസാരിക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. തന്റെ പരിമിതികളെപ്പോലും നര്‍മ്മത്തോടെ നോക്കിക്കാണാന്‍ അദ്ദേഹം ശ്രമിച്ചു. തന്റെ മക്കളായ വിനീത് ശ്രീനിവാസനെയും ധ്യാന്‍ ശ്രീനിവാസനെയും സിനിമയിലേക്ക് കൊണ്ടുവരികയും അവര്‍ സ്വന്തം നിലയില്‍ പേരെടുക്കുന്നത് കണ്ട് അഭിമാനിക്കുകയും ചെയ്ത പിതാവായിരുന്നു അദ്ദേഹം.
രചനയിലും അഭിനയത്തിലും അദ്ദേഹം പുലര്‍ത്തിയ ലാളിത്യവും സത്യസന്ധതയും തന്നെയാണ് ശ്രീനിവാസനെ മറ്റു കലാകാരന്മാരില് നിന്ന് വ്യത്യസ്തനാക്കുന്നത്. ആ തൂലിക ചലിപ്പിച്ച ഓരോ വരികളും, അദ്ദേഹം അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും മലയാളി ഉള്ളിടത്തോളം കാലം നിലനില്ക്കും.
