വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എപ്സ്റ്റീന്റെ വിരുന്നുകളിലും യാത്രകളിലും പങ്കെടുത്തതിന്റെ കൂടുതല്‍ തെളിവുകള്‍ പുതിയ ഫയലുകളിലുണ്ട്.
പുതുതായി പുറത്തുവന്ന ചിത്രങ്ങളില്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ഒരു ഹോട്ട് ടബ്ബില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിനൊപ്പമുള്ള വ്യക്തിയുടെ മുഖം അവ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിലും ക്ലിന്റന്‍ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഫയലിലുണ്ട്.
സംഗീത ഇതിഹാസം മൈക്കല്‍ ജാക്‌സന്‍, ഗായിക ഡയാന റോസ് എന്നിവര്‍ ബില്‍ ക്ലിന്റനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. എപ്സ്റ്റീന്റെ പാം ബീച്ചിലെ വസതിയില്‍ മൈക്കല്‍ ജാക്‌സന്‍ ഒരിക്കലെങ്കിലും എത്തിയിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പോപ്പ് താരം മിക്ക് ജാഗര്‍, നടന്‍ കെവിന്‍ സ്‌പേസി തുടങ്ങിയ ലോകപ്രശസ്തരും എപ്സ്റ്റീന്റെ സാമൂഹിക വലയത്തില്‍ ഉണ്ടായിരുന്നതായി ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് രാജകുടുംബാംഗം പ്രിന്‍സ് ആന്‍ഡ്രൂവിന്റെയും ചില ചിത്രങ്ങള്‍ ഫയലിലുണ്ട്.

യുഎസ് കോണ്‍ഗ്രസ് പാസാക്കിയ ‘എപ്സ്റ്റീന്‍ ഫയല്‍സ് ട്രാന്‍സ്‌പേരന്‍സി ആക്ട്’ പ്രകാരമാണ് ഈ രേഖകള്‍ പരസ്യപ്പെടുത്തിയത്. വെള്ളിയാഴ്ച പുറത്തുവിട്ട ആയിരക്കണക്കിന് പേജുകളില്‍ ഭൂരിഭാഗവും അന്വേഷണത്തിന്റെ ഭാഗമായി എഫ്ബിഐ പിടിച്ചെടുത്ത ചിത്രങ്ങളാണ്. എന്നാല്‍, ഇരകളുടെ സ്വകാര്യത കണക്കിലെടുത്ത് പല രേഖകളിലും കറുത്ത മഷി ഉപയോഗിച്ച് വിവരങ്ങള്‍ മറച്ചിട്ടുണ്ട്.
നേരത്തെയും എപ്സ്റ്റീനുമായുള്ള ബന്ധം ബില്‍ ക്ലിന്റന്‍ സമ്മതിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് ക്ലിന്റന്റെ വക്താക്കള്‍ അറിയിച്ചിട്ടുള്ളത്. ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടതുകൊണ്ട് മാത്രം ഇവര്‍ കുറ്റവാളികളാണെന്ന് പറയാനാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വരും ആഴ്ചകളില്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിടുമെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു.
