ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ അനുഭവപ്പെടുന്ന കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ 129 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി അനുഭവപ്പെട്ട അതിശക്തമായ മഞ്ഞ് കാരണം ദൃശ്യപരത കുറഞ്ഞതാണ് വിമാന സര്‍വീസിനെ ബാധിച്ചത്.
വിമാനത്താവളത്തില്‍ എത്തേണ്ട 66 വിമാനങ്ങളും അവിടെനിന്ന് പുറപ്പെടേണ്ട 63 വിമാനങ്ങളുമാണ് റദ്ദാക്കിയത്. പെട്ടെന്നുള്ള റദ്ദാക്കലുകള്‍ മൂലം നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. പല വിമാനങ്ങളും മണിക്കൂറുകളോളം വൈകിയാണ് സര്‍വീസ് നടത്തുന്നത്.

വിമാനത്താവളത്തില്‍ നിലവില്‍ ‘ലോ വിസിബിലിറ്റി പ്രൊസീജ്യര്‍’ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഞ്ഞിലും വിമാനങ്ങള്‍ സുരക്ഷിതമായി ഇറക്കുന്നതിനും പറന്നുയരുന്നതിനുമുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും സുരക്ഷ മുന്‍നിര്‍ത്തിയാണ് പല സര്‍വീസുകളും റദ്ദാക്കിയത്.
രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഡല്‍ഹിയില്‍ പ്രതിദിനം ശരാശരി 1,300 സര്‍വീസുകളാണ് നടക്കുന്നത്. മഞ്ഞ് കാരണം ഗതാഗതം തടസ്സപ്പെടുന്നത് രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലെ സര്‍വീസുകളെയും ബാധിക്കാന്‍ സാധ്യതയുണ്ട്.
യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് തിരിക്കും മുന്‍പ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ വിമാനത്തിന്റെ സമയം കൃത്യമായി മനസ്സിലാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. വരും ദിവസങ്ങളിലും ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
