മലയാളത്തിന്റെ പ്രിയ താരം ശ്രീനിവാസന് ഇനി ഓര്മ. ആക്ഷേപഹാസ്യങ്ങളിലൂടെയും നര്‍മത്തിലൂടെയും മലയാളികളെ അരനൂറ്റാണ്ടു കാലം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ അതുല്യ പ്രതിഭ യാത്രയായി. ഉദയംപേരൂരിന് സമീപം കണ്ടനാടുള്ള വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. മൂത്തമകന് വിനീത് ശ്രീനിവാസനാണ് അന്ത്യകര്‍മങ്ങള്‍ ചെയ്യ്തത്.
സര്‍ക്കാരിന്റെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസാകാരം. സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി പി പ്രസാദ് ചടങ്ങില്‍ പങ്കെടുത്തു. പൊലീസ് ഗാര്‍ദ് ഓഫ്് ഓണര്‍ നല്കി. എന്നും എല്ലാവര്ക്കും നന്മകള് മാത്രം ഉണ്ടാകട്ടെ എന്ന് എഴുതിയ ഒരു പേപ്പറും പേനയും ശ്രീനിവാസന്റെ ഭൗതിക ശരീരത്തില്‍ വെച്ചതിന് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്. വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചിതയില്‍ തീ കൊളുത്തിയ ശേഷം നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി ധ്യാന്‍ അച്ഛനെ അഭിവാദ്യം ചെയ്തു.

മലയാളക്കരയാകെ ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കലാസാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംസ്കാര ചടങ്ങിലേക്കെത്തി. നടി പാര്‍വതി തിരുവോത്ത്, നടന്മാരായ പൃഥ്വിരാജ്, വിനീത്, ജഗദീഷ്, സൂര്യ സംവിധായകന് ഫാസില്‍, രാജസേനന് തുടങ്ങിയവര്‍ ശ്രീനിവാസന് ഇന്ന് അന്തിമോപചാരം അര്‍പ്പിച്ചു. വാക്കാല്‍ പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത നഷ്ടമാണ് ഉണ്ടായതെന്ന് പാര്‍വതി പറഞ്ഞു. സിനിമയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും ശ്രീനിവാസന് തന്ന സംഭാവന ഒരിക്കലും നമുക്ക് മറക്കാന്‍ പറ്റാത്തതാണ്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്നും പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞു. മലയാള സിനിമയ്ക്ക് ശ്രീനിവാസന് ഒരുപാട് സംഭാവനകള്‍ തന്നെന്നും അതിന് അനുസരിച്ച് തിരിച്ച് നല്കാന് നമുക്ക് സാധിച്ചില്ലെന്നും ജഗദീഷും കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വച്ചാണ് ശ്്രീനിവാസന് അന്തരിച്ചത്. ഡയാലിസിസിനായി കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് താലൂക്ക് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ഇന്നലെ ഉച്ചയോടെ എറണാകുളം ടൗണ്‍ ഹാളിലും വൈകീട്ടും ഇന്ന് രാവിലെയുമായി വീട്ടിലും നടന്ന പൊതുദര്‍ശനത്തിന് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. രാഷ്ട്രീയ-ചലച്ചിത്ര-സാമൂഹിക മേഖലയില്‍ നിന്നുള്ളവര്‍ ശ്രീനിയെ അവസാനമായി ഒരുനോക്ക് കാണാന്‍ കണ്ടനാട്ടെ വീട്ടിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്, നടന്മാരായ മമ്മൂട്ടി മോഹന്‍ ലാല്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. നടന് ദിലീപ്, സംവിധായകന് സത്യന് അന്തിക്കാട്, ബേസില്‍ ജോസഫ്, ഉണ്ണിമുകുന്ദന് തുടങ്ങി മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും താരത്തെ അവസാന നോക്കുകാണാനെത്തിയിരുന്നു.
മലയാള സിനിമയിലെ പകരം വെയ്ക്കാനില്ലാത്ത ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസന്. 48 വര്‍ഷം നീണ്ട സിനിമാജീവിതത്തില്‍ 54 സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ശ്രീനിവാസന് 2 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 54 ല്‍ 32 സിനിമകള്‍ സത്യന് അന്തിക്കാടിനും പ്രിയദര്‍ശനും വേണ്ടിയായിരുന്നു. സുന്ദര-ഗംഭീര നായകന്മാരെക്കുറിച്ച് മുന്‍വിധിയുണ്ടായ കാലത്ത് അത്തരം പരിമിതിയെ സാധ്യതയാക്കിയ കഥാപാത്രങ്ങളായിരുന്നു ശ്രീനിവാസന്റേത്.
എന്നും സാധാരണക്കാരന്റെ ജീവിതം ലളിതമായ നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിച്ചു. സാധാണക്കാരുടെ പ്രിയപ്പെട്ട സിനിമകള്‍ എഴുതാന്‍ ഒരു തിരക്കഥാകൃത്തിന് അപാരമായ കഴിവ് വേണം. ശ്രീനിവാസന് എന്ന ചലച്ചിത്രകാരന്റെ ആ കഴിവാണ് ഓരോ സിനിമയിലും അംഗീകരിക്കപ്പെട്ടത്. മലയാളിയുടെ, സിനിമാ പ്രേമികളുടെ മനസില്‍ ശ്രീനിവാസന് മരണമില്ല.
