ദുബായ്: ക്രിസ്മസ്-പുതുവത്സര അവധിക്കാലം ആരംഭിച്ചതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. അവധി ആഘോഷിക്കാന്‍ നാട്ടിലെത്താനിരിക്കുന്ന പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ് നിരക്കിലുണ്ടായ ഈ വര്‍ധനവ്.
ക്രിസ്മസ് അവധിക്കാലത്ത് നാട്ടില്‍ പോയി മടങ്ങാന്‍ ഒരാള്‍ക്ക് ശരാശരി 61,000 രൂപ മുതല്‍ 74,100 രൂപ വരെയാണ് നിലവില്‍ ഈടാക്കുന്നത്. നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് നാട്ടില്‍ പോയി വരണമെങ്കില്‍ ഏകദേശം മൂന്ന് ലക്ഷം രൂപയോളം ചിലവാകും. വിദേശ വിമാനക്കമ്പനികളില്‍ ഇതിലും വലിയ നിരക്കാണ് ഈടാക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മറ്റ് വിദേശ രാജ്യങ്ങളിലേക്കുള്ള നിരക്ക് താരതമ്യേന കുറവായിരിക്കുമ്പോഴാണ് കേരളത്തിലേക്കുള്ള യാത്രയ്ക്ക് വിമാനക്കമ്പനികള്‍ അമിത നിരക്ക് ഈടാക്കുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്കും സമാനമായ നിരക്ക് വര്‍ധനയുണ്ട്. സീസണ്‍ സമയങ്ങളിലെ ഈ ചൂഷണം സാധാരണക്കാരായ പ്രവാസികളുടെ യാത്രയെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
