വാഷിങ്ടണ്‍: ലോകസമ്പന്ന പട്ടികയില്‍ ബഹുദൂരം മുന്നേറി ടെസ്ല സിഇഒ ഇലോണ്‍ മസ്ക് പുതിയ ചരിത്രം കുറിച്ചു. ലോകചരിത്രത്തിലാദ്യമായി 700 ബില്യണ്‍ ഡോളര്‍ (ഏകദേശം 67 ലക്ഷം കോടി രൂപ) ആസ്തി കടക്കുന്ന വ്യക്തിയായി മസ്ക് മാറി. യുഎസ് കോടതി മസ്കിന്റെ വമ്പന്‍ ശമ്പള പാക്കേജിന് അനുകൂലമായ വിധി പുറപ്പെടുവിച്ചതോടെയാണ് അദ്ദേഹത്തിന്റെ സമ്പാദ്യത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായത്.
മസ്കിന്റെ 56 ബില്യണ്‍ ഡോളറിന്റെ വിവാദമായ ടെസ്ല ശമ്പള പാക്കേജ് ഡെലവെയര്‍ സുപ്രീം കോടതി പുനഃസ്ഥാപിച്ചു. നിലവില്‍ ഈ പാക്കേജിന്റെ മൂല്യം 139 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇതാണ് അദ്ദേഹത്തിന്റെ ആസ്തി പെട്ടെന്ന് വര്‍ധിക്കാന്‍ പ്രധാന കാരണം. മസ്കിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന്റെ (SpaceX) മൂല്യം 800 ബില്യണ്‍ ഡോളറില്‍ എത്തിയതും ആസ്തി വര്‍ധനയ്ക്ക് കരുത്തേകി. കമ്പനിയിലെ ഓഹരികളുടെ ആഭ്യന്തര വില്പനയാണ് മൂല്യം ഉയരാന്‍ കാരണമായത്. 2025-ല്‍ ടെസ്ല ഓഹരികള്‍ 13 ശതമാനത്തോളം വര്‍ധിച്ചതും മസ്കിന് വലിയ നേട്ടമായി.

ഫോര്‍ബ്സ് ബില്യണയേഴ്സ് സൂചിക പ്രകാരം, മസ്കിന്റെ ഇപ്പോഴത്തെ സമ്പത്ത് ഇന്ത്യയിലെ ഏറ്റവും ധനികരായ 40 വ്യക്തികളുടെ മൊത്തം ആസ്തിക്ക് തുല്യമാണ്. ആഗോള സമ്പന്ന പട്ടികയില്‍ രണ്ടാമതുള്ള ലാറി പേജ് (252.6 ബില്യണ്‍ ഡോളര്‍), മൂന്നാമതുള്ള ലാറി എലിസണ്‍ (242.7 ബില്യണ്‍ ഡോളര്‍), നാലാമതുള്ള ജെഫ് ബെസോസ് (239.4 ബില്യണ്‍ ഡോളര്‍) എന്നിവരുടെ ആകെ സമ്പത്തിനേക്കാള്‍ കൂടുതലാണ് മസ്കിന്റെ ഇപ്പോഴത്തെ ആസ്തി.
2025-ല്‍ മാത്രം ഏകദേശം 340 ബില്യണ്‍ ഡോളറിലധികം സമ്പത്താണ് മസ്കിന്റെ അക്കൗണ്ടിലേക്ക് അധികമായി എത്തിയത്. ഇതോടെ ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന സ്ഥാനത്ത് മസ്ക് അജയ്യനായി തുടരുകയാണ്
