നോം പെൻ: കമ്പോഡിയയും തായ്‌ലൻഡും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായതിനെത്തുടർന്ന് കമ്പോഡിയയിൽ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി യു.എസ്. 2025 ഡിസംബർ തുടക്കം ആരംഭിച്ച സൈനിക ഏറ്റുമുട്ടൽ ഡിസംബർ 9 മുതൽ കൂടുതൽ ശക്തമാവുകയും വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കമ്പോഡിയ-തായ്‌ലൻഡ് അതിർത്തിയുടെ 50 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കണം. പ്രെവിഹിയർ, ബട്ടാംബാംഗ് തുടങ്ങിയ പ്രവിശ്യകളിൽ സൈനിക സാന്നിധ്യം ശക്തമാണ്. ലക്ഷക്കണക്കിന് ആളുകളെ ഇതിനകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ലോകത്ത് ഏറ്റവും കൂടുതൽ കുഴിബോംബുകളുള്ള രാജ്യങ്ങളിലൊന്നാണ് കമ്പോഡിയ. യുദ്ധം നടക്കുന്ന അതിർത്തി മേഖലകളിലും ഗ്രാമപ്രദേശങ്ങളിലും പുതിയ കുഴിബോംബുകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.

പ്രധാന റോഡുകളിൽ നിന്ന് മാറി വനപ്രദേശങ്ങളിലോ പാടങ്ങളിലോ നടക്കുന്നത് ഒഴിവാക്കുക. നോം പെൻ, സീം റീപ്പ് തുടങ്ങിയ ടൂറിസ്റ്റ് നഗരങ്ങളിൽ ഫോൺ, ബാഗ് പിടിച്ചുപറിക്കൽ എന്നിവ കൂടി. മോട്ടോർ സൈക്കിളുകളിൽ എത്തുന്നവർ നടന്നുപോകുന്നവരുടെ സാധനങ്ങൾ തട്ടിയെടുക്കുന്ന സംഭവങ്ങൾ പതിവാണ്. സിഹാനൂക്‌വിൽ പോലുള്ള തീരദേശ നഗരങ്ങളിൽ വൻതോതിലുള്ള ഓൺലൈൻ തൊഴിൽ തട്ടിപ്പുകളും മനുഷ്യക്കടത്തും നടക്കുന്നതായി അന്താരാഷ്ട്ര ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വീഴരുത്. കമ്പോഡിയയും തായ്‌ലൻഡും തമ്മിലുള്ള കര അതിർത്തികൾ നിലവിൽ അടച്ചിരിക്കുകയാണ്. വിമാന മാർഗ്ഗമാണ് ഇപ്പോൾ യാത്രയ്‌ക്ക് ഏറെ സുരക്ഷിതം.
