എഡ്മിന്റൻ: കടുത്ത നെഞ്ചുവേദനയുമായി എത്തിയ പര്ശാന്ത് ശ്രീകുമാർ എന്ന ഇന്ത്യൻ വംശജന് ചികിത്സ വൈകിയതിനെ തുടർന്ന് ഗ്രേ നൺസ് ഹോസ്പിറ്റലിൽ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. ചികിത്സ ലഭിക്കാനായി എട്ടു മണിക്കൂറുകളോളമാണ് പ്രശാന്തിന് കാത്തിരിക്കേണ്ടി വന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു. പര്ശാന്തിൻ്റെ മൃതദേഹത്തിനരികെ നിന്ന് ഭാര്യ മോണിക്ക നിജാവൻ വേദനയോടെയും കടുത്ത രോഷത്തോടെയും ആരോഗ്യരംഗത്ത് തുടരുന്ന അനാസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽമീഡിയയിൽ പങ്കിട്ടത് വലിയ ചർച്ച ഉയർത്തിയിരുന്നു. കഠിനമായ നെഞ്ചുവേദനയാണെന്ന് പറഞ്ഞിട്ടും അത് സാധാരണമാണെന്ന് പറഞ്ഞ ഡോക്ടർമാർ ഹൃദയാഘാത സാധ്യതകൾ പോലും പരിഗണിച്ചില്ലെന്നും അക്ഷരാർത്ഥത്തിൽ പര്ശാ
ന്തിനെ ആശുപത്രി കൊന്നുകളയുകയുമായിരുന്നെന്നും അവർ കുറ്റപ്പെടുത്തി.കടുത്ത നെഞ്ചുവേദനയും 200-ന് മുകളിൽ രക്തസമ്മർദ്ദവും ഉണ്ടായിട്ടും 8 മണിക്കൂറിലധികം അദ്ദേഹത്തിന് ചികിത്സയൊന്നും ലഭിച്ചില്ല. ശരിയായ സമയത്ത് ഒരു ഇ.കെ.ജി (EKG) എങ്കിലും എടുത്തിരുന്നെങ്കിൽ തന്റെ ഭർത്താവിനെ രക്ഷിക്കാമായിരുന്നു എന്ന് അവർ വീഡിയോയിൽ വികാരാധീനയായി പറഞ്ഞു. നിരവധി അസോസിയേഷനുകൾ പര്ശാന്തിന്റെ കുടുംബത്തിന് ആവശ്യമായ നിയമസഹായവും പിന്തുണയും നൽകി വരികയാണ്. സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ആൽബർട്ട ആരോഗ്യമന്ത്രിക്ക് പരാതി നൽകും.

എമർജൻസി റൂമിലെ തിരക്കും പ്രോട്ടോക്കോളുകളിൽ വന്ന വീഴ്ചയും പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേ സമയം ഗ്രേ നൺസ് ഹോസ്പിറ്റൽ അധികൃതർ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു. എന്നാൽ രോഗിയെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ അവർ തയ്യാറായിട്ടില്ല. ആൽബർട്ടയിലെ പ്രതിപക്ഷ പാർട്ടിയായ എൻ.ഡി.പി (NDP), ആരോഗ്യരംഗത്തെ ഈ തകർച്ചയ്ക്ക് കാരണം സർക്കാരിന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചു. ആൽബർട്ട ഗവൺമെന്റ് ചർച്ചകളിലും കാലതാമസത്തിലും ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒഴിഞ്ഞുമാറ്റത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇത് രാഷ്ട്രീയമല്ല, ഇത് മനുഷ്യരുടെ ജീവിതമാണ്. ഇത് സാധാരണമാണെന്ന് നടിക്കുന്നത് നമ്മെയെല്ലാവരെയും വേദനിപ്പിക്കുന്നു. എന്ന രീതിയിലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ഉയരുന്നുണ്ട്. ആൽബർട്ടയിലെ ആശുപത്രികളിൽ ചികിത്സ വൈകുന്നതിനെ ത്തുടർന്ന് രോഗികൾ മരണപ്പെടുന്ന സംഭവങ്ങൾ വർദ്ധിക്കുന്നതിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. എട്ട് മണിക്കൂറോളം ചികിത്സയ്ക്കായി കാത്തുനിന്ന രോഗി മരണപ്പെട്ട സംഭവവും ആളുകൾക്കിടയിൽ വലിയ ആശങ്ക ഉയർത്തുകയാണ്.
