ടൊറന്റോ: യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ സ്കാർബ്റോ ക്യാമ്പസിന് (UTSC) സമീപം നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:30-ഓടെയാണ് വെടിവെപ്പുണ്ടായത്. ക്യാമ്പസിലെ മിലിട്ടറി ട്രയലിനും ഓൾഡ് റിങ് റോഡിനും സമീപം ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് ഹൈലാൻഡ് ക്രീക്ക് ട്രയലിനും ഓൾഡ് കിങ്സ്റ്റൺ റോഡിനും സമീപമാണ് സംഭവം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

വെടിയേറ്റ നിലയിൽ കണ്ടെത്തിയ വ്യക്തി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടയാളുടെ വിവരങ്ങളോ വെടിവെപ്പിലേക്ക് നയിച്ച കാരണങ്ങളോ നിലവിൽ വ്യക്തമല്ല. സംഭവത്തെത്തുടർന്ന് ടൊറന്റോ പൊലീസിന്റെ ഹോമിസൈഡ് വിഭാഗം സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെടിവെപ്പിനെത്തുടർന്ന് സർവകലാശാലയിൽ ‘ക്രിട്ടിക്കൽ അലേർട്ട്’ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് പിൻവലിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. എങ്കിലും വാലി പ്രദേശം, പാർക്കിങ് ലോട്ട്, നടപ്പാതകൾ എന്നിവ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുന്നതിനാൽ ഈ ഭാഗങ്ങളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.
