മൺട്രിയോൾ: കെബെക്കിലുടനീളമുള്ള രണ്ടായിരത്തിലധികം പാരാമെഡിക്കുകളും ആംബുലൻസ് ടെക്നീഷ്യന്മാരും ഡിസംബർ 24 മുതൽ പണിമുടക്കിലേക്ക്. പാരാമെഡിക്കുകളെയും ആംബുലൻസ് ടെക്നീഷ്യന്മാരെയും പ്രതിനിധീകരിക്കുന്ന ഫെഡറേഷൻ ഡു പ്രീഹോസ്പിറ്റലിയർ ഡു കെബെക്കിന്റെ ഭാഗമായ 39 യൂണിയനുകളാണ് സമരത്തിനൊരുങ്ങുന്നത്.

അതേസമയം പാരാമെഡിക്കുകൾ എല്ലാ ഷിഫ്റ്റുകളിലും ജോലി ചെയ്യുമെന്നും പൊതുജനങ്ങൾക്കുള്ള സേവനങ്ങളെ പണിമുടക്ക് ബാധിക്കില്ലെന്നും യൂണിയൻ വക്താവ് ജെറമി കോർണോ-ലാൻഡ്രി പറഞ്ഞു.എന്നാൽ നിർദ്ദിഷ്ട അഡ്മിനിസ്ട്രേറ്റീവ്, സെക്കൻഡറി ഡ്യൂട്ടികൾ നിരസിക്കുമെന്ന് കോർണോ-ലാൻഡ്രി വ്യക്തമാക്കി.
പെൻഷൻ ആനുകൂല്യങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് പണിമുടക്കിന് പിന്നിലെ പ്രധാന കാരണം.തൊഴിലാളി കരാർ പുതുക്കണമെന്നും, പെൻഷൻ പദ്ധതി മെച്ചപ്പെടുത്തണമെന്നും യൂണിയനുകൾ ആവശ്യപ്പെടുന്നതായി കോർണോ-ലാൻഡ്രി പറയുന്നു.
