Thursday, December 25, 2025

ഹെയര്‍ ഇന്ത്യയുടെ 49% ഓഹരികള്‍ ഭാരതി ഗ്രൂപ്പും വാര്‍ബര്‍ഗ് പിന്‍കസും സ്വന്തമാക്കുന്നു; 15,000 കോടിയുടെ വമ്പന്‍ ഇടപാട്

ന്യൂഡല്‍ഹി: പ്രമുഖ ഗാര്‍ഹിക ഉപകരണ നിര്‍മ്മാതാക്കളായ ഹെയര്‍ ഇന്ത്യയുടെ 49 ശതമാനം ഓഹരികള്‍ ഭാരതി എന്റര്‍പ്രൈസസും ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസൂം ചേര്‍ന്ന് ഏറ്റെടുക്കുന്നു. ബുധനാഴ്ചയാണ് (ഡിസംബര്‍ 24, 2025) ഭാരതി എന്റര്‍പ്രൈസസ് സ്ഥാപകന്‍ സുനില്‍ മിത്തല്‍ ഈ തന്ത്രപ്രധാനമായ നിക്ഷേപം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഈ ഇടപാടിലൂടെ ഭാരതിയും വാര്‍ബര്‍ഗ് പിന്‍കസൂം സംയുക്തമായി ഹെയര്‍ ഇന്ത്യയുടെ 49 ശതമാനം ഓഹരികള്‍ കൈവശപ്പെടുത്തും. ചൈനീസ് കമ്പനിയായ ഹെയര്‍ ഗ്രൂപ്പിന് പക്കല്‍ ബാക്കി 49 ശതമാനം ഓഹരികള്‍ നിലനില്‍ക്കും. ബാക്കി 2 ശതമാനം ഓഹരികള്‍ കമ്പനിയുടെ മാനേജ്മെന്റ് ടീമിനാണ്. കരാര്‍ തുക ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഏകദേശം 15,000 കോടി രൂപ (ഏകദേശം 1.5 – 2 ബില്യണ്‍ ഡോളര്‍) മൂല്യത്തിലാണ് ഈ ഇടപാട് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ അതിവേഗം വളരുന്ന ഗാര്‍ഹിക ഉപകരണ വിപണിയില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ഹെയറിന്റെ ആഗോള സാങ്കേതിക വിദ്യയും ഭാരതിയുടെ ശക്തമായ വിതരണ ശൃംഖലയും വാര്‍ബര്‍ഗ് പിന്‍കസിന്റെ ബ്രാന്‍ഡ് വളര്‍ത്തുന്നതിലെ അനുഭവപരിചയവും ഒത്തുചേരുമ്പോള്‍ ഹെയര്‍ ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന് കമ്പനികള്‍ പ്രത്യാശിക്കുന്നു.

ഇന്ത്യയിലെ പ്രമുഖ ഗാര്‍ഹിക ഉപകരണ കമ്പനികളിലൊന്നായ ഹെയര്‍, കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 25 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ‘മേഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ഇന്ത്യ’ എന്ന കാഴ്ചപ്പാട് ശക്തിപ്പെടുത്താനും പ്രാദേശിക നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാനും ഈ നിക്ഷേപം സഹായിക്കും.

ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ നേരിടുന്ന നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ഇന്ത്യന്‍ പങ്കാളികളെ കൂടെക്കൂട്ടുന്ന പ്രവണതയുടെ ഭാഗമായും ഇതിനെ കാണുന്നുണ്ട്. നേരത്തെ എംജി മോട്ടോഴ്‌സ് (MG Motor) ജെഎസ്ഡബ്ല്യു (JSW) ഗ്രൂപ്പുമായി സമാനമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു. പുതിയ നിക്ഷേപത്തിലൂടെ എയര്‍ കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍ തുടങ്ങിയ മേഖലകളില്‍ തങ്ങളുടെ വിപണി വിഹിതം വര്‍ധിപ്പിക്കാനാണ് ഹെയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!